ശബരിമല യുവതീപ്രവേശം: 24ന് മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ അയ്യപ്പജ്യോതി തെളിയിക്കും, ചെങ്ങന്നൂരില്‍ 25ന് ശബരിമല സംരക്ഷണ സംഗമം

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.യുവതീ പ്രവേശമാകാമെന്ന സര്‍ക്കാര്‍ മുന്‍ നിലപാടില്‍ ഇപ്പോള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പഴയ സത്യവാങ്മൂലം പിന്‍വലിച്ച് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാകണം. അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം. ആചാര സംരക്ഷണത്തിനായി അയ്യപ്പഭക്തര്‍ സംസ്ഥാന വ്യാപകമായി നടത്തിയ നാമജപ ഘോഷയാത്രകള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം.പിണറായി സര്‍ക്കാരിന്റെ അയ്യപ്പ വിരുദ്ധ സമീപനത്തെ തുറന്ന് കാണിച്ചും ആചാര സംരക്ഷണത്തിനനുകൂലമായ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ടും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും 24ന് മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ അയ്യപ്പ ജ്യോതി തെളിയിക്കും. ആയിരക്കണക്കിന് അയ്യപ്പഭക്തരും ബിജെപി പ്രവര്‍ത്തകരും ജ്യോതിയില്‍ അണിനിരക്കും. സര്‍ക്കാരിന് സദ്ബുദ്ധിയുണ്ടാകണമെന്ന് പ്രാര്‍ത്ഥിച്ച് ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ 25ന് ശബരിമല സംരക്ഷണ സംഗമം നടക്കും. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകള്‍ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *