സഹേല്‍ മാന്‍പവര്‍; കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം

കുവൈറ്റ്: കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുതിയ ഓണ്‍ലൈന്‍ സേവന സംവിധാനമായ ‘സഹേല്‍ മാന്‍പവര്‍’ അവതരിപ്പിച്ചു. മൊബൈല്‍ ഐ ഡി ആപ്പ് വഴിയാണ് സഹേല്‍ മാന്‍പവര്‍ പ്ലാറ്റ്‌ഫോമിലെ സേവനങ്ങള്‍ ഉപയോഗിക്കേണ്ടത്. തൊഴില്‍മേഖലയിലെ സേവനങ്ങൾ കൂടുതല്‍ സുതാര്യവും വേഗതയേറിയതുമായ രീതിയില്‍ കൈകാര്യം ചെയ്യാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴില്‍സമൂഹത്തോടും പുതിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ആഹ്വാനം ചെയ്തു.

തൊഴിലാളികള്‍ക്ക് തൊഴില്‍ അപേക്ഷകളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും അംഗീകരിച്ചോ നിരസിച്ചോ എന്ന് പരിശോധിക്കുന്നതിനും പുതിയ സംവിധാനം വഴി കഴിയും. അംഗീകൃത അപേക്ഷകളില്‍ ഉള്‍പ്പെട്ട തൊഴില്‍ കരാറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.
ആനുകൂല്യങ്ങള്‍, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും അതിനാവശ്യമായ രേഖകള്‍ ഓണ്‍ലൈന്‍ വഴി അപ്‌ലോഡ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കും. വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാരത്തിന് അപേക്ഷിക്കാനും തൊഴില്‍ സംബന്ധിച്ച അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനും അവസരമുണ്ട്. രാജ്യം വിട്ടുപോകാന്‍ തീരുമാനിക്കുന്ന തൊഴിലാളികള്‍ക്ക്, അല്ലെങ്കില്‍ മറ്റൊരു മേഖലയിലേക്ക് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള സൗകര്യവും പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *