കഴിഞ്ഞ കുറച്ച് അപ്ഡേറ്റുകൾക്ക് ശേഷം ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ ‘വ്യക്തിത്വം’ അരോചകമായി മാറിയെന്ന് സമ്മതിച്ച് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. ഇത് വളരെ വേഗം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നും തുടർ ആഴ്ചകളിലും വരുന്ന അപ്ഡേറ്റുകളിലായി ഇത് ശരിയാക്കാൻ കമ്പനി ശ്രമിക്കുന്നുവെന്നാണ് സാം ആൾട്ട്മാൻ വ്യക്തമാക്കുന്നത്.
എ.ഐ മോഡലിന്റെ ‘വ്യക്തിത്വം’ എങ്ങനെ മാറി എന്നും കമ്പനി അത് എങ്ങനെ പരിഹരിച്ചുവെന്നും പഠിച്ച കാര്യങ്ങൾ പങ്കിടാൻ ഓപ്പൺ എ.ഐ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ചില നല്ല ഭാഗങ്ങൾ ഉണ്ടെങ്കിലും ജി.പി.ടി 4.0 യുടെ കഴിഞ്ഞ രണ്ട് അപ്‌ഡേറ്റുകൾ അതിന്റെ ‘വ്യക്തിത്വ’ത്തെ വളരെ അരോചകമാക്കി മാറ്റി. പരിഹാരങ്ങൾക്കായി ഞങ്ങൾ പ്രവർത്തിക്കുന്നു. ചിലത് ഇന്നും ചിലത് ഈ ആഴ്ചയും. ഇതിൽ നിന്ന് ഞങ്ങൾ പഠിച്ച കാര്യങ്ങൾ എപ്പോഴെങ്കിലും പങ്കുവെക്കും. ഉപയോക്താക്കൾക്ക് ഒടുവിൽ എ.ഐ ചാറ്റ്ബോട്ടിന്റെ ‘വ്യക്തിത്വം’ മാറ്റാൻ കഴിയുമോ അല്ലെങ്കിൽ പഴയതും പുതിയതുമായ വ്യക്തിത്വങ്ങളെ എങ്ങനെയെങ്കിലും വേർതിരിച്ചറിയാൻ കഴിയുമോ എന്നുള്ള ചോദ്യങ്ങൾ പോസ്റ്റിന് താഴെ ഉയർന്നു. ഒടുവിൽ നമുക്ക് ഒന്നിലധികം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന മറുപടിയുമായി ആൾട്ട്മാനും രംഗത്തെത്തി. ഭാവിയിൽ ചാറ്റ് ജി.പി.ടി മോഡലുകളിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിൽ ലിസ്റ്റും ലഭിച്ചേക്കാം. ശനിയാഴ്ച 4.0 മോഡൽ അപ്‌ഡേറ്റ് ചെയ്‌ത ശേഷമാണ് ചാറ്റ് ജി.പി.ടി-യുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ചർച്ച ഉയർന്നത്.