കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സാന്ദ്ര പറഞ്ഞു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്.
തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ ലഹരിയെക്കുറിച്ചും സാന്ദ്ര പ്രതികരിച്ചു. സിനിമാ സെറ്റുകളില്‍ ലഹരി ഒഴുകുന്നത് പതിവാണ്. ലഹരി ഉപയോഗം അറിഞ്ഞില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്. പല യോഗങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്, സാന്ദ്ര പറഞ്ഞു.
ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാന ശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്ക് പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും സാന്ദ്ര തോമസ് നന്ദി പറയുകയും ചെയ്തു.