പ്രപഞ്ചത്തിൽ ജീവന്റെ കണികയുള്ള മറ്റൊരു ലോകം തേടിയുള്ള ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് സുപ്രധാനമായ ഒരു വഴിത്തിരിവ്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് നിർണായക വഴിത്തിരിവായേക്കാം എന്ന് കരുതുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഭൂമിയില്‍ ജൈവ പ്രക്രിയകളിലൂടെ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യമാണ് ഇപ്പോൾ മറ്റൊരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ കണ്ടെത്തിയിരിക്കുന്നത്. ‘ജീവനുകളുള്ള അന്യഗ്രഹ ലോകത്തിന്റെ ആദ്യ സൂചനകളാണിത്’ എന്ന് ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ആസ്‌ട്രോണമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആസ്‌ട്രോഫിസിസ്റ്റ് പറയുന്നു.
കെ2-18 ബി എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് ജൈവികമായി ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളുടെ സാന്നിധ്യമാണ് ഈ ഗ്രഹത്തിൽ കണ്ടെത്തിയിട്ടുള്ളത്.