രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പാർട്ടി തീരുമാനത്തെ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. രാഹുലിന്റെ വിഷയത്തിൽ പാർട്ടി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ അത് നിയമപരമായ കാര്യമാണെന്നും അത് നിയമപരമായി തന്നെ മുന്നോട്ടു പോകട്ടെ എന്നും ഷാഫി പറഞ്ഞു. നിയമപരമായ കാര്യങ്ങളിൽ തടസ്സം നിൽക്കാൻ കോൺഗ്രസ് പാർട്ടിയിലെ ആരും ശ്രമിക്കില്ലെന്നും ഷാഫി പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘പാർട്ടിയിലെ യുവ നേതൃത്വം എന്നത് ഒരാളിൽ മാത്രം ഒതുങ്ങിയതല്ല. ഒരാൾ സ്പോൺസർ ചെയ്യുന്നതുമല്ല. ഒരുപാടു പേരാണ് പാർട്ടിയിലെ യുവ മുന്നേറ്റത്തിനു മുന്നിൽ നിൽക്കുന്നത്. കോൺഗ്രസിനകത്ത് ചെറുപ്പക്കാർക്കു കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തെ മുൻനിർത്തി ഉണ്ടായതാണ്. ഒരു ടോട്ടൽ മൂവ്മെന്റാണ്. ആ സംഘത്തിലെ ആളുകൾക്കും ആ മൂവ്മെന്റിനുമുള്ള സ്വീകാര്യതയാണ് അതിന്റെ ഇന്ധനം. ഒരാൾക്കുണ്ടാകുന്ന പ്രശ്നം ഒരു തരത്തിലും ബാധിക്കില്ല. മുന്നോട്ടു പോകുന്നതാണ് ഈ യുവ മുന്നേറ്റം. ഒരു തലമുറ മാറുമ്പോൾ അടുത്ത തലമുറ വരും’’– ഷാഫി പറഞ്ഞു.
