മനുഷ്യ ശരീരത്തിലെ പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞുകൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് തെറ്റായ ഭക്ഷണശീലം. പ്രമേഹസാധ്യത കൂടുന്നതിൽ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം. വേനൽക്കാലത്ത് ലഭ്യമായ രുചികളിൽ പലതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്കും പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റാത്തവയാണ്. ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഇവ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്.
1. മധുരപാനീയങ്ങൾ
ചൂടു കൂടുമ്പോൾ സ്വാഭാവികമായും ശീതളപാനീയങ്ങൾ കുടിക്കാൻ തോന്നും. എന്നാല്‍ വിപണിയിൽ ലഭ്യമായ പായ്ക്കറ്റിൽ ലഭിക്കുന്ന ജ്യൂസുകൾ, സോഡകൾ, മധുരം ചേർത്ത ഐസ് ടീ കൾ എന്നിവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. ഇത് പ്രമേഹരോഗികൾ പൂർണമായും ഒഴിവാക്കണം.
2. മാമ്പഴം
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ സീസൺ കൂടിയാണ് വേനൽക്കാലം. എന്നാല്‍ ഗ്ലൈസെമിക് ഇൻഡക്സ് വളരെകൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.
3. ഐസ്ക്രീമും ഫ്രോസൻ ഡെസർട്ടുകളും
ഈ വേനൽക്കാലത്ത് ഒരു സ്കൂപ്പ് ഐസ്ക്രീം ഒക്കെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കുന്ന ആരോഗ്യത്തിന് നല്ലതെല്ല. ഐസ്ക്രീമും ഫ്രോസൻ ഡെസർട്ടുകളും ഒഴിവാക്കുന്നതാണ് ആരോഗ്യകരം.
4. വറുത്ത ലഘുഭക്ഷണങ്ങൾ
വേനൽക്കാലത്ത് എണ്ണയിൽ വറുത്ത ലഘുഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡും ഒഴിവാക്കുന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്.
5. ചോളം
വേനല്‍ക്കാലത്ത് ലഭ്യമാക്കുന്ന ചോളം, പ്രമേഹരോഗികൾക്ക് അത്ര നല്ലതെല്ല. വറുത്തതോ വേവിച്ചതോ ആയ ചോളം ഉപദ്രവകരമല്ലെന്നു തോന്നാമെങ്കിലും പ്രമേഹമുളളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
6. തണ്ണിമത്തൻ
വേനൽക്കാലത്ത് ലഭ്യമായ പഴങ്ങളാണ് തണ്ണിമത്തനും മസ്ക്ക്മെലണും എന്നാൽ ഇവയിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾ ഇത് ഒഴിവാക്കുന്നതാവും നല്ലത്. പ്രമേഹമുള്ളവർ വേനൽക്കാല രുചികൾ പൂർണമായും ഒഴിവാക്കമെന്നല്ല മറിച്ച് ശ്രദ്ധാപൂർവം ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് ഉപയോഗിക്കാം.