ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ ഉൾപ്പെടെ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിന്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളും അടക്കമുളള അസ്ഥികളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.തൈക്കാട് സ്വദേശി അബ്ദുളളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിയിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോടിന്റെ പിന്നിലായി ‘വാസു’ എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന മറ്റൊരു തലയോടിന്റെ ഉളളിലായി ‘അസ്ന’ എന്നപേരും എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു.
