പ്രതികളില്‍ ചിലര്‍ മാപ്പുസാക്ഷികളാകും; സ്വര്‍ണക്കൊള്ളയില്‍ കരട് കുറ്റപത്രം തയാറാക്കുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചില പ്രതികളെയും ജീവനക്കാരെയും മാപ്പുസാക്ഷികളാക്കി എസ്‌ഐടി കരട് കുറ്റപത്രം തയാറാക്കുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ ശങ്കരദാസ്, വിജയകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു എന്നിവരടക്കം ഏതാനും പേര്‍ മാത്രമാകും പ്രതികള്‍. ബാക്കിയുള്ളവര്‍ മാപ്പുസാക്ഷികളായി മാറും.അറസ്റ്റിലായ പല ഉദ്യോഗസ്ഥരും ഇതിനോടകം എസ്‌ഐടി മുമ്പാകെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തുക്കളായ ബെംഗളൂരു ശ്രീരാംപുരയിലുള്ള അനന്തസുബ്രഹ്മണ്യം, രമേശ് റാവു എന്നിവരും മാപ്പുസാക്ഷികളായേക്കും. ഇവരാണ് 2019 ജൂലൈ 19, 20 തീയതികളില്‍ ദ്വാരപാലക പാളികള്‍ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവില്‍ എത്തിച്ചത്. പിന്നീട് ഈ പാളികള്‍ ഹൈദരാബാദിലേക്കാണ് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *