ബഹ്റൈനിൽ നിന്നുമുള്ള 40 ലധികം ആർട്ടിസ്റ്റുകൾ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്
മനാമ: ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ “സ്റ്റാർസ് ഇൻ ദി ഡാർക്നസ്” പ്രദർശനത്തിനൊരുങ്ങുന്നു. ലിൻസ മീഡിയയുടെ സഹകരണത്തോടെ ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ (KSFDC) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കേരളത്തിലെ സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ 2025 ഏപ്രിൽ 26 നാണ് സിനിമ പ്രദർശിപ്പിക്കുക. ഏപ്രിൽ 4 ന് മനാമയിലെ എപിക്സ് തിയറ്ററിന്റെ രണ്ട് സ്ക്രീനുകളിലായി കോൺവെക്സിന്റെ ലോഞ്ച് പാർട്ണർഷിപ്പിൽ പ്രദർശിപ്പിച്ച പ്രീമിയർ ഷോയിൽ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലിയാണ് രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ എന്നിവയുടെ അവതാരകനും നാടക, ചലച്ചിത്ര നടനുമായ ബഹ്‌റൈൻ പ്രവാസി വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ബഹ്റൈനിൽ നിന്നുമുള്ള 40 ലധികം ആർട്ടിസ്റ്റുകൾ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിലെ ചലച്ചിത്ര സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായിരുന്ന വിനോദ് ആറ്റിങ്ങൽ, ബഹ്റൈൻ പ്രവാസിയായ സ്റ്റാൻലി തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളായി പ്രവർത്തിച്ചത്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത് ബഹ്റൈൻ സിനിമാ രംഗത്ത് സുപരിചിതനായ ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്. ഗാനങ്ങൾ പാടിയിരിക്കുന്നത് പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവനന്തപുരം മായൻസ് സ്റ്റുഡിയോയിലെ അരുൺ, ബിബിൻ എന്നിവരാണ്. പ്രീമിയർ ഷോ അനുബന്ധിച്ച് നടന്ന പരിപാടികളിൽ ചലച്ചിത്ര- നാടക പ്രതിഭ എം ആർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.