ഇനി യുവത്വം എന്നെന്നും!സ്വാഭാവികമായി കൊളാജന്‍ ഉത്പാദനം കൂട്ടാന്‍ അഞ്ച് വഴികള്‍

പ്രായം കൂടുതോറും മുഖത്ത് അതിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത് സ്വഭാവികമാണ്. ചുളിവുകള്‍, ചര്‍മം തൂങ്ങല്‍, നേര്‍ത്ത വരകള്‍, കരിവാളിപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കും. എന്നാല്‍ ജീവിതശൈലിയിലുള്ള മാറ്റത്തിലൂടെ ഒരു പരിധി വരെ ഇതിനെ അകറ്റി നിൽക്കാൻ നമുക്ക് കഴിയും. ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മത്തെ സ്വാഭാവികമായി യുവത്വം നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജന്‍. കൊളാജന്‍ ഉത്പാദനം കുറയുന്നതാണ് യുവത്വം നഷ്ടപ്പെടുന്നതിനുള്ള പ്രധാനം കാരണം. കൊളാജൻ ഉത്പാദനം സ്വാഭാവികമായി ഉയർത്തുന്നതിന് അഞ്ച് വഴികൾ അറിയാം.

1. വിറ്റാമിൻ സി

വിറ്റാമിൻ സിയുടെ കുറവ് മൂലം ശരീരത്തിലെ കൊളാജന്റെ അളവും കുറയാൻ കാരണമായേക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളാജന്റെ അളവ് കൂട്ടുന്നതിന് സഹായകമാകും. കുടാതെ ചീര, കുരുമുളക്, ബെറീസ് തുടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

2. ഇറച്ചിയും മുട്ടയും

വിറ്റാമിൻ സി കൂടാതെ പ്രോട്ടീൻ, സിങ്ക്, അയൺ തുടങ്ങിയവയും ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്. ചിക്കൻ, മത്സ്യം, നട്‌സ്, മുട്ട തുടങ്ങിയവയും കൊളാജന്റെ അളവ് ഉയർത്താൻ സഹായിക്കും. കൊളാജന്റെ മികച്ച സ്രോതസ്സാണ് കോഴിയിറച്ചിയും മത്സ്യവും എന്നാണ് വിദ​ഗ്ധരുടെ നിർദേശം. കടല്‍മത്സ്യങ്ങളിലും ശുദ്ധജലമത്സ്യങ്ങളിലും നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്ന ധാരാളം അമിനോ ആസിഡുകള്‍ ഉൾപ്പെട്ടിരിക്കുന്നു.

3. ധാരാളമായി വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിൽ ജലാംശം നിലനിർത്തുകയും തുടർന്ന് അവയെ തിളക്കത്തോടെ സൂക്ഷിക്കുന്നതിന് സഹായിക്കും. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പുറമെ, കൊളാജൻ സംരക്ഷണത്തിലും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.

4. ആരോ​ഗ്യകരമായ ജീവിതശൈലി

പുകവലി, അമിതമായ സമ്മർദം, സൂര്യപ്രകാശം ഏൽക്കുന്നത് തുടങ്ങിയ ഘടകൾ കൊളാജന്റെ അളവ് കുറയ്ക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നതും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നതും ആരോ​ഗ്യകരമായ ചർമത്തിന് അത്യാവശമാണ്.

5. കറ്റാർ വാഴ

ചർമത്തിൽ കറ്റാർ വാഴ ജെൽ പുരട്ടിയാൽ നിരവധി ഗുണങ്ങളുണ്ട്. കുറഞ്ഞ അളവിൽ കറ്റാർ വാഴ കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *