പാചക എണ്ണ സ്തനാർബുദത്തിന് കാരണമായേക്കാമെന്ന് പഠനം; എന്താണ് TNBC? ലക്ഷണങ്ങൾ അറിയാം

ഭക്ഷണത്തിന് രുചികൂട്ടുന്ന കാര്യത്തിൽ എണ്ണയ്ക്ക് വലിയ പങ്കാണുള്ളത്. എന്നാൽ, ഇപ്പോഴിതാ പാചകത്തിന് ഉപയോ​ഗിക്കുന്ന എണ്ണയുടെ അമിത ഉപയോ​ഗം പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെജിറ്റബിൾ ഓയിൽ, സീഡ് ഓയിൽ തുടങ്ങിയവയുടെ ഉപയോ​ഗത്തെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഈ എണ്ണകളിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദത്തിന്(triple-negative breast cancer) കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തൽ സൂചിപ്പിക്കുന്നത്.

ലിനോലെയിക് ആസിഡിന്റെ സ്ഥിരമായ ഉപയോ​ഗം വില്ലനായേക്കുമെന്നാണ് വെയിൽ കോർണൽ മെഡിസിനിലെ ​ഗവേഷകർ നടത്തിയ പ്രീക്ലിനിക്കൽ പഠനത്തിൽ പറയുന്നു. സോയാബീൻ, സാഫ്ലവർ എന്നിവയുടെ എണ്ണകളിലും പന്നി ഇറച്ചി, മുട്ട എന്നിങ്ങനെയുള്ള ഉത്പ്പന്നങ്ങളിലും കാണപ്പെടുന്ന ഒമേഗ-6 ഫാറ്റി ആസിഡാണ് ലിനോലെയിക് ആസിഡ്. ട്രിപ്പിൾ-നെഗറ്റീവ് സ്തനാർബുദം, സാധാരണ സ്തനാർബുദത്തിൽ നിന്ന് വ്യത്യസ്തമായി ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണമായവയാണ്. ഈ ഘട്ടത്തിൽ ഏറെ പ്രയാസമാണ് അതിജീവനവും ചികിത്സയും.

എന്താണ് TNBC?

10 മുതൽ 15 ശതമാനം സ്തനാർബുദ കേസുകളും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസറുകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാൻസർ കോശങ്ങളിൽ ഈസ്ട്രജൻ റിസപ്റ്ററുകൾ, പ്രോജസ്ടീറോൺ റിസപ്റ്ററുകൾ, HERr2 പ്രോട്ടീനുകൾ തുടങ്ങിയ മൂന്ന് ബയോമാർക്കറുകൾ ഇല്ലാതിരിക്കുമ്പോൾ മൂന്ന് ടെസ്റ്റുകളിലും നെഗറ്റീവ് കാണിക്കും. ചികിത്സിച്ചുമാറ്റാൻ ഏറ്റവും പ്രയാസമേറിയ കാൻസർ വകഭേദമാണിത്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുപ്രകാരം 40 വയസ്സിൽ താഴെയുള്ളതും BRCA ജീൻ മ്യൂട്ടേഷൻ കൂടുതലുള്ളതുമായ സ്ത്രീകളിലാണ് TNBC കൂടുതൽ കണ്ടുവരുന്നത്. കൂടാതെ ആർത്തവവിരാമം അടുക്കാറായ സ്ത്രീകളായിരിക്കും മിക്കവരും.

TNBC ലക്ഷണങ്ങൾ

സ്തനങ്ങളിൽ നീര്, നിപ്പിൾ വേദന, ത്വക്കിലെ നിറവ്യത്യാസം, നിപ്പിളിനുചുറ്റും ഉണങ്ങിയ ചർമം രൂപപ്പെടുന്നത്, നിപ്പിൾ ഉള്ളിലേക്ക് വലിയൽ, പാലല്ലാതെ മറ്റ് നിപ്പിൾ ഡിസ്ചാർജുകൾ, കൈകൾക്കടിയിലോ തോളെല്ലിന്റെ അടുത്തോ ആയി ലിംഫ് നോഡുകൾ വീർക്കുന്നത് മുതലായവയൊക്കെയാണ് TNBC യുടെ സാധാരണ ലക്ഷണങ്ങൾ. വളരെ പെട്ടന്ന് വ്യാപിക്കാനശേഷിയും ഇതിനുണ്ട്. മിക്ക കേസുകളിലും അസുഖം കണ്ടുപിടിച്ചുകഴിയുമ്പോഴേക്കും പടർന്നുപിടിച്ചിരിക്കും. ചികിത്സചെയ്ത് മാറ്റിയശേഷവും അസുഖം വീണ്ടുംവരാനുള്ള സാധ്യതയേറെയാണ്. ആയതിനാൽ, മറ്റ് കാൻസറുകൾ ബാധിച്ചവരേക്കാൾ അതിജീവനശേഷി ഇവർക്ക് കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *