ഫ്ലോറിഡ: രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാവാന്‍ തയ്യാറെടുക്കുന്ന ശുഭാംശു ശുക്ലയുടെ യാത്രാ തീയതിയില്‍ മാറ്റം. മെയ് 29ന് വിക്ഷേപിക്കുമെന്ന് മുമ്പ് തീരുമാനിച്ചിരുന്ന ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 ദൗത്യം ജൂണ്‍ എട്ടിലേക്ക് മാറ്റി. ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6.41-നാവും ആക്സിയം 4 വിക്ഷേപണം നടത്തുക. സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാകും ആക്സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക.
ശുഭാംശു ശുക്ലയ്ക്ക് പുറമെ നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. 14 ദിവസം ഇവർ ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. രാകേഷ് ശർമ്മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്.