മോഹൻലാൽ ചിത്രം ‘തുടരും’ തിയേറ്ററുകളിൽ മികച്ച മുനേറ്റം കാഴ്ച്ചവെക്കുന്നിടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ തരുൺ മൂർത്തി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഫഹദ് ഫാസിൽ, നസ്ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്.അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത് ബിനു പപ്പുവിന്റെ രചനയിലാണെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു.ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു, ആർട്ട് ഡയറക്ടഷൻ ഗോവിന്ദ് ഗോകുൽ ദാസ്.
അതേസമയം, ‘തുടരും’ തിയേറ്ററുകളിൽ വലിയ വിജയമായി തുടർന്ന് കൊണ്ടിരിക്കുകയാണ്. വെറും ആറ് ദിവസത്തിനുള്ളിലാണ് ചിത്രം 100 കോടി സ്വന്തമാക്കിയത്. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ എന്ന സിനിമയും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.അതെസമയം സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.