ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ, പിന്നാലെ സസ്‌പെന്‍ഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ മദ്യം വിളമ്പുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഈ നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീന്‍ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്.
ഖിര്‍ഹാനിയിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍.സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ഒരു മുറിയില്‍ അരഡസനോളം വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീന്‍ പ്രതാപ് മദ്യപാനം നടത്തിയത്. കൂടാതെ മദ്യത്തില്‍ വെള്ളം ചേര്‍ക്കണമെന്നും ഇയാള്‍ കുട്ടികൾക്ക് ഉപദേശം നൽകുന്നത് വീഡിയോയില്‍ കാണാം.സ്‌കൂളിലെ മറ്റു ജീവനക്കാരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.