കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മകൊലപ്പെടുത്തിയ മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒന്നരവർഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കുട്ടിയെ പീഡിപ്പിച്ചെന്ന് പിതാവിന്റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. കുട്ടിക്ക് കൂടുതൽ അടുപ്പം അച്ഛന്റെ സഹോദരന്മാരുമായാണെന്ന അമ്മയുടെ മൊഴിയാണ് നിർണായകമായത്.ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. പിന്നീട് തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അബദ്ധം പറ്റി പോയെന്നായിരുന്നു പ്രതിയുടെ മൊഴി. കൊല്ലപ്പെടുത്തുന്നതിന് തലേദിവസവും കുട്ടി പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. പോക്സോ,ബാലനീതി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായ ചോദ്യം ചെയ്യും. അമ്മയുടെ അറിവോടെയാണോ കുട്ടി പീഡനത്തിന് ഇരയായത് എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യും.അമ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക, ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും.