ബാറ്ററി ഇനി ടുത്ത് പേസ്റ്റ് പോലെ! ഏത് ആകൃതിയിലേക്കും മാറ്റാവുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ച് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. വരും തലമുറയിലെ ഗാഡ്‌ജെറ്റുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും റോബോട്ടുകളിലുമടക്കം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ ഈ കണ്ടുപിടിത്തത്തിലൂടെ കഴിയുമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.

വലിച്ചുനീട്ടാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടന്നിരുന്നു. എന്നാൽ അതില്‍നിന്ന് വ്യത്യസ്തമാണിത്.കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് സയന്‍സ് ജേര്‍ണലില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍ റഹ്‌മാനുദീന്‍ വ്യക്തമാക്കി.

ഇത് ടൂത്ത് പേസ്റ്റ് പോലെ തോന്നിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രൂപത്തിലേക്ക് ഒരു ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ച് അതിനെ മാറ്റാൻ സാധിക്കും. ഗവേഷകര്‍ വികസിപ്പിച്ച ബാറ്ററിയുടെ പ്രോട്ടോടൈപ്പ് 500 തവണയിലേറെ ചാര്‍ജ് ചെയ്തും ഡിസ്ചാര്‍ജ് ചെയ്തും പരീക്ഷണം നടത്തിയിരുന്നു. മികച്ച രീതിയിലാണ് അതനുശേഷവും പ്രവര്‍ത്തിക്കുന്നത്. ഇവ നിലവിലുള്ളതിന്റെ ഇരട്ടിയോളം വലിച്ചുനീട്ടാം. അപ്പോഴും അത് പ്രവര്‍ത്തിക്കും.

നിലവിലെ അവസ്ഥയില്‍ വ്യാവസായിക ആവശ്യത്തിന് ഈ ബാറ്ററി ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരു വോള്‍ട്ട് മാത്രമേ സംഭരിക്കാന്‍ കഴിയൂ എന്നതാണ് ഇതിനുകാരണം. സാധാരണ കാർ ബാറ്ററിയില്‍ സംഭരിക്കാന്‍ സാധിക്കുന്നതിന്റെ എട്ട് ശതമാനം മാത്രം. എന്നാല്‍ ഇതിന്റെ ശേഷി പിന്നീട് കൂട്ടാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *