ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ചടയ്ക്കാത്ത മലയാളിക്കെതിരെ അബുദാബി കൊമേഴ്സ്യൽ ബാങ്ക് അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) കോടതിയിൽ നൽകിയ കേസ് കോടതിച്ചെലവ് സഹിതം തള്ളി. ബാങ്കും ഉപഭോക്താവും തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ ഇടപെടേണ്ട കോടതിക്കു പകരം മറ്റൊരു കോടതിയിൽ കേസ് ഫയൽ ചെയ്തതിനെയാണു പ്രതിഭാഗം ചോദ്യം ചെയ്തതും കോടതി അംഗീകരിച്ചതും.ബാങ്കിന്റെ ദുബായ്ശാഖയിൽനിന്ന് 2004ൽ എടുത്ത ക്രെഡിറ്റ് കാർഡിൽ അടയ്ക്കാനുള്ള തുകയുടേതാണു കേസ്. കരാറിൽ തർക്കപരിഹാരത്തെപ്പറ്റി പരാമർശിച്ചിരുന്ന ഭാഗത്ത് എഡിജിഎം കോടതിയുടെ പേര് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എഡിജിഎം കോടതിക്ക് ഈ കേസ് വിചാരണ ചെയ്യാനുള്ള അധികാരമുണ്ടോ എന്നാണു പ്രതിഭാഗത്തിനുവേണ്ടി ഹാജരായ ആയിഷ അൽദഹേരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളിയും അഡ്വ: ബിലാൽ ഷംസുദീനും ചോദ്യം ചെയ്തത്.
കോടതി മാറിപ്പോയി, നിയമപോരാട്ടത്തിൽ പ്രവാസിക്ക് ‘ക്രെഡിറ്റ് ‘: അബുദാബിയിൽ മലയാളിക്കെതിരായ കേസിൽ ബാങ്കിന് തിരിച്ചടി
