ശബരിമലയിൽ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ.

ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു. എസ്ഐടി കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നു.അതേസമയം, സ്വര്‍ണക്കൊള്ളയിൽ പ്രതിക്കൂട്ടിലായ സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ കേസിൽപെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിൽ ഇടപെടുന്നുവെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുകയാണ്. എന്നാൽ, സോണിയയെ കാണാൻ പോറ്റിക്ക് അവസരമൊരുക്കിയത് ആരെന്ന ചോദ്യം കോണ്‍ഗ്രസിനോട് ആവര്‍ത്തിക്കുകയാണ് സിപിഎം. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള എസ്ഐടി നീക്കവും സിപിഎം കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ്. സിപിഎം പക്ഷ പാതികളായ ഉദ്യോഗസ്ഥരുണ്ടെന്ന പറഞ്ഞ് എസ്ഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. എന്നാൽ, അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമ്പോള്‍ എസ്ഐടിയോടുള്ള വിശ്വാസം നഷ്ടമാകുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് അവസരവാദപരമെന്ന് വിമര്‍ശനം ഉന്നയിക്കുകയാണ് സിപിഎം.

Leave a Reply

Your email address will not be published. Required fields are marked *