മോഹൻലാലിനെ വച്ച് സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത കെഎസ്ആർടിസിയുടെ പരസ്യ ചിത്രം പുറത്തിറങ്ങി. തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിയുമായുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് മോഹൻലാൽ പരസ്യ ചിത്രത്തിലൂടെ പറയുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഓഡിഷനു വേണ്ടി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി യാത്രയെക്കുറിച്ച് പറഞ്ഞാണ് പരസ്യത്തിന്റെ തുടക്കം.‘തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള കെഎസ്ആർടിസി ബസിൽ അന്ന് വലതുകാല്‍ വച്ചു കയറുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ആ യാത്ര എന്റെ ജീവിതം മാറ്റി മറിക്കുമെന്ന്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെന്ന്’ സിനിമയിൽ അഭിനയിക്കാനുളള അവസരം തേടിയുള്ള യാത്രയായിരുന്നു അത്.
