സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 2017ൽ തന്ത്രിക്കു കൈമാറിയ വാജിവാഹനത്തെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കുന്നു. സ്വർണപ്പാളികൾ കൊണ്ടുപോയി ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും വ്യവസായികളുടെ വസതികളിലും പ്രദർശിപ്പിച്ചതുപോലെ വാജിവാഹനവും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി ധനസമാഹരണം നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം.
വാജിവാഹനം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നുവെന്ന വിവരങ്ങളാണ് എസ്ഐടിക്ക് ലഭിച്ചത്.പുതിയ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ പഴയ കൊടിമരത്തിനു മുകളിലുണ്ടായിരുന്ന വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്കു കൈമാറിയിരുന്നു. ഈ വാജിവാഹനം വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് പണവും പാരിതോഷികങ്ങളും സ്വീകരിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.വാജിവാഹനം തന്ത്രിക്കു കൈമാറിയത് നിയമപരമല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
