ഏറെ അമ്പരപ്പോടെ നാം വായിച്ച വാർത്തയായിരുന്നു കര്‍ണാടകയിലെ ഒരു ഗുഹയില്‍ ഒരു റഷ്യന്‍ വനിത രണ്ട് പെണ്‍മക്കളോടൊപ്പം വളരെ നാളുകളായി താമസിച്ചതായി കണ്ടെത്തിയ സംഭവം.വളരെയധികം ദുരൂഹത നിറഞ്ഞ ഈ സംഭവത്തിന്റെ ചുരുളഴിക്കാൻ നടപടികളുമായി മുന്നോട്ട് പോകുകയാണ് പോലീസ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് .
ഇവരുടെ പേര് നീന കുട്ടിന.ഗോവാ അതിര്‍ത്തിയിലുള്ള ഗോകര്‍ണ വന മേഖലയിലെ രാംതീര്‍ത്ഥ കുന്നുകള്‍ക്ക് സമീപത്തു നിന്നാണ് ഇവരെ കണ്ടെത്തുന്നത്.പോലീസ് പട്രോളിംഗിനിടെയാണ് കണ്ടെത്തിയത്.ഈ സംഭവം ജൂലൈ ഒന്പതിനായിരുന്നു.നീന കുട്ടിനയോടൊപ്പം അഞ്ചും ആറും വയസുള്ള രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു.നാല്പതുകാരിയായ ഇവർക്കും ഇവരുടെ ഈ മക്കൾക്കും ഇന്ത്യയിൽ താമസിക്കാനുള്ള മതിയായ രേഖകൾ ഒന്നും തന്നെ ഇല്ലായിരുന്നുഎന്നാണ് പോലീസ് പറയുന്നത്.ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വന്യമൃഗങ്ങള്‍ സൈര്യവിഹാരം നടത്തുന്ന ഈ വനമേഖലയില്‍ ഇവര്‍ എങ്ങനെയാണ് എത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.ഇവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എത്ര കാലമായി ഇവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇപ്പോഴും അവ്യക്തത തന്നെയാണ്.ഇവിടെ ധാരാളം പാമ്പുകള്‍ ഉണ്ട്. മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ് പ്രത്യേകിച്ച് മഴക്കാലത്ത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ പോലീസ് പട്രോളിംഗ് ആരംഭിച്ചത്.ഗുഹയുടെ പുറത്ത് വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ ഗുഹയുടെ ഉള്ളില്‍ നിന്ന് ഒരു ചെറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടി വരികയായിരുന്നു. കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് പരിശോധിക്കുമ്പോഴാണ് കുട്ടീനയേയും മറ്റൊരു കുട്ടിയേയും കണ്ടെത്തിയത്.
പോലീസ് പരിശോധന നടത്തിയപ്പോള്‍ അവരുടെ കൈവശം പ്ലാസ്റ്റിക് മാറ്റുകള്‍, വസ്ത്രങ്ങള്‍, നൂഡില്‍സ് പാക്കറ്റുകള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഗുഹ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് പോലീസിന് അവരെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. വന്യമൃഗങ്ങളും പാമ്പുകളും തങ്ങളുടെ സുഹൃത്തുക്കള്‍ ആണെന്നാണ് കുട്ടീന വാദിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ നാട് കടത്തുന്ന കാര്യത്തില്‍ ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റുമായും ഡല്‍ഹിയിലെ റഷ്യന്‍ എംബസിയുമായി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്.അതേസമയം ഇവര്‍ ഇന്ത്യയിലേക്ക് എന്നാണ് വന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല. പല മാധ്യമങ്ങളോടും കുട്ടീന പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിച്ചതെന്നതും ദുരൂഹതയാണ്.