ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മുകശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. കടകമ്പോളങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.