നീണ്ട 37 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
ട്രെയ്‌ലറിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പടെ എല്ലാ മേഖലയിലും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ജൂൺ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങി താരനിര സിനിമയിൽ അണിനിരക്കുന്നു.ചിത്രത്തിന്റെ നിർമ്മാണം വഹിക്കുന്നത് രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ്.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ മണിരത്നം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സാണ് ചെയ്യുന്നത്.സിനിമയിലെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് പ്രവർത്തിക്കുന്നത്.