മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിൽ .നിരവധി സ്ഫോടന കേസുകളിലെ സൂത്രധാരനാണ്. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്. തമിഴ്നാട് നാഗൂർ സ്വദേശിയാണ് അബൂബക്കര്‍ സിദ്ദിഖ്.
1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ 1999 മുതൽ ഒളിവിലായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ നിന്ന് അബൂബക്കർ സിദ്ദിഖ് പിടിയിലായത്. പിടിയിലായ രണ്ടു പേരെയും വൈകാതെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കും. അബൂബക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.