കുന്നംകുളത്തെ ജോർജ് സാറുമ്മാരുടെ ഇടിയിൽ തുടങ്ങിയ പൊലീസ് വിശേഷങ്ങൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കയാണ്. പുറത്ത് ആരോടും പറയാത്തതും പറഞ്ഞിട്ടും നടപടി ഇല്ലാത്തതും വൈകുന്നതുമായ നിരവധി സംഭവങ്ങളിലെ ഇരകൾ തങ്ങൾക്ക് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മാധ്യമങ്ങളോട് തുറന്നു പറയുകയാണ്.
ഏറ്റവും പുതിയതായി പുറത്തുവരുന്നത് പേരൂർക്കട മാല മോഷണകേസിൽ പൊലീസ് മെനഞ്ഞെടുത്ത കള്ളക്കഥയാണ്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കുടിവെള്ളം പോലും നൽകാതെ തടഞ്ഞുവെച്ച ദളിത് യുവതിയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വ്യാജമാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവരുന്നത്. വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. വീട്ടുജോലിക്കാരിയായ ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണിതെന്നും ചവർ കൂനയിൽ നിന്നും മാല കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. മറവി പ്രശ്നമുള്ള പരതിക്കാരിയായ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു.