കൊച്ചി: മുൻ മാനേജറുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ തന്നെ മർദ്ദിച്ചെന്നുകാണിച്ച് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്.
കഴിഞ്ഞദിവസമാണ് ഉണ്ണി മുകുന്ദനെതിരെ നടന്റെ മുൻ മാനേജർ പോലീസിനെ സമീപിച്ചത്. വലിയ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായമായിരുന്നു. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്റെ പരാതിയിൽ പറയുന്നു. ആ സിനിമയുടെ അണിയറപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽനിന്ന് നിർമാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറിയതും നടന് വലിയ ഷോക്കായെന്നും പരാതിയിൽ ആരോപിക്കുന്നു.
ഒരു പ്രമുഖതാരം അനൗൺസ് ചെയ്ത ചിത്രത്തിൽനിന്ന് അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് ആ ചിത്രത്തിന്റെ നിർമാതാവിനോട് ആവശ്യപ്പെട്ടു. ആ ചിത്രത്തിന്റെ നിർമാതാവിനോട് ഇക്കാര്യം സംസാരിക്കാൻ നടൻ ഏല്പിച്ചത് തന്നെയാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ സിനിമയെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് ദേഷ്യമായി. തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം മാനേജർ പദവി ഒഴിഞ്ഞു.
കഴിഞ്ഞദിവസം ഉണ്ണി മുകുന്ദൻ ഫോണിൽ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുറത്ത് എവിടെയെങ്കിലുംവെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അപ്രതീക്ഷിതമായി താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന് ഒന്നാം നിലയിലെ ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചു.ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു താരം സമ്മാനിച്ച തന്റെ വിലകൂടിയ കൂളിംഗ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു.
താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.