ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു റംബാൻ ജില്ലയിൽ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു.മണ്ണിടിച്ചിൽ, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. നൂറോളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കത്തിൽ ദേശീയപാതയും റോഡുകളുമടക്കം ഒറ്റപ്പെട്ടു.കനത്തമഴയിൽ ബാഗ്‌ന ഗ്രാമത്തിൽ വീട് തകർന്നുവീണാണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചത്. ബാഗ്‌ന പഞ്ചായത്ത് നിവാസികളായ മുഹമ്മദ് അഖിബ് (14), മുഹമ്മദ് സാകിബ് (9), മോഹൻ സിങ് (75) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ധരംകുണ്ഡ് പോലീസിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിൽ അഞ്ച് സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ആലിപ്പഴവർഷവും മൂലം ഗതാഗതം തടസപ്പെട്ടതായി റംബാൻ ട്രാഫിക് നാഷണൽ ഹൈവേ എസ്എസ്പി രാജ ആദിൽ ഹമീദ് ഗനായ് സ്ഥിരീകരിച്ചു.
റംബാനിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മനുഷ്യജീവനുകൾ നഷ്ടമായതിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ സർക്കാർ പ്രാദേശിക അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്ന് ഉറപ്പുനല്കി.
