പ്രധാനമായ തൈറോയ്ഡ് രോഗമായി കണക്കാക്കുന്നത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസത്തെ ആണ് .മറ്റുള്ളവയിൽ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന രോഗവും തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന മുഴകളും (Nodules) ഉൾപ്പെടുന്നു.
ഹൈപ്പോതൈറോയ്ഡിസം ലോകത്തിൽ ഏകദേശം 1–2 % പേർക്കു ഉണ്ടെന്നാണു കണക്കുകൾ. ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണ്ജന്മനാ വളരാത്തതും പ്രവർത്തിക്കാത്തതുമായ തൈറോയ്ഡ് ഗ്രന്ഥികൾ,ശസ്ത്രക്രിയ ചെയ്തു തൈറോയ്ഡ് ഗ്രന്ഥി മാറ്റിയത്,റേഡിയോഅയഡിൻ ചികിത്സയോ റേഡിയേഷൻ ചികിത്സയോ ചെയ്തത്,ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ തുടങ്ങിയവ.
ഇതിൽ ഏറ്റവും മുഖ്യമായ കാരണം ഓട്ടോ ഇമ്യൂൺ തൈറോയ്ഡ് ഡിസീസ് ആണ് . സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.ഈ രോഗത്തെ ഹഷിമോട്ടോസ് ഡിസീസ് എന്നും പറയുന്നു. വളരെ കുറഞ്ഞ ചെലവിലുള്ള തൈറോക്സിൻ ഗുളിക ദിവസവും കഴിച്ചാൽ രോഗം പൂർണമായി നിയന്ത്രിക്കും.മരുന്നിന്റെ ഡോസ് 3–6 മാസത്തിൽ ഒരിക്കൽ രക്തം പരിശോധിച്ച് ക്രമീകരിക്കണം. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കണ്ടുപിടിക്കാൻ രക്തപരിശോധന മാത്രം മതി.
ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങൾ അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നവർക്കും തൈറോക്സിൻ ഗുളിക കഴിക്കുന്നവർക്കും ആഹാരപഥ്യം ആവശ്യമില്ല. ചികിത്സയിലൂടെ പൂർണ ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും.