ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കേസെടുത്ത് പോലീസ്. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയത് നിയമവിരുദ്ധമായരീതിയിലെന്നതിനു പുറമേ ഗാര്‍ഹികപീഡനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെതിരേ കേസെടുത്തിരിക്കുന്നത്.

2023-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും ഒരുമിച്ച് താമസിച്ചത് 40 ദിവസം മാത്രമാണ്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നുമുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരുവിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.

കുഞ്ഞുണ്ടായി മാസങ്ങള്‍ കഴിഞ്ഞശേഷമാണ് വീരാന്‍കുട്ടി യുവതിയെ മൊഴി ചൊല്ലുന്നതായി യുവതിയുടെ പിതാവിനെ ഫോണിലൂടെ വിളിച്ചറിയിച്ചത്.യുവതിയുടെ കുടുംബം 30 പവന്‍ സ്വര്‍ണം വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഈ സ്വര്‍ണം ഇതുവരെ തിരികെനല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *