അബുദാബി: യുഎയിൽ രണ്ട് വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അഞ്ച് ബാങ്കുകളിലാണ് നിയമനം നൽകുക. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ വിശദാംശങ്ങൾ സെൻട്രൽ ബാങ്ക് കൈമാറി.
അതേസമയം അൽഐനിൽ നിന്നുള്ള 1700 സ്വദേശികൾക്കാണ് നിയമനം നൽകുന്നത്. ഇൻഷുറൻസ് സൂപ്പർവൈസറി കമ്മീഷനുമായി സഹകരിച്ചാണ് സ്വദേശിവൽക്കരണം പൂർത്തിയാക്കുകയെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. നിയമനത്തിനു മുന്നോടിയായി ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങളുടെ ഹ്യുമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ പൂർത്തിയായി.എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസുമായി സഹകരിച്ച് നിയമനത്തിനുള്ള ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. ആവശ്യമായ തൊഴിൽ പരിശീലനം നൽകിയ ശേഷമാണ് ധനവിനിമയ സ്ഥാപനങ്ങളിലേക്കുള്ള നിയമനം. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ ബാങ്കിങ് രംഗത്തെ സ്ഥാപനങ്ങൾ 152.9 ശതമാനം സ്വദേശിവൽക്കരണ ലക്ഷ്യം പൂർത്തീകരിച്ചതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.