അബുദാബി: 2025ലെ മാനവ വികസന സൂചിക (എച്ച്ഡിഐ) റിപ്പോർട്ടിൽ യുഎഇ അറബ് ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 2021-22 ലെ റാങ്കിങുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎഇ ആഗോള തലത്തിൽ 11 സ്ഥാനങ്ങൾ കയറി 15-ാം സ്ഥാനത്ത് എത്തി.
193 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ കാനഡ, അമെരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, കൊറിയ തുടങ്ങിയ വികസിത രാജ്യങ്ങളെ മറികടന്ന് അറബ് ലോകത്ത് നിന്ന് ആദ്യ 20 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക രാജ്യമാണ് യുഎഇ.
മാനുഷിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ മുൻഗണനകളിൽ ഉൾപ്പെടുത്തുകയും, സുസ്ഥിരതയുടെയും മനുഷ്യ മൂലധന വികസനത്തിന്‍റെയും ആഗോള മാതൃകയായി രാജ്യത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന യുഎഇയുടെ സമഗ്ര വികസന നയത്തിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യകരവും സുസ്ഥിരവുമായ ഭാവിയെക്കുറിച്ചുള്ള രാജ്യത്തിന്‍റെ ദീർഘകാല ദർശനത്തിനനുസൃതമായ, അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിലും ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങളിലും യുഎഇ തുടർച്ചയായി നിക്ഷേപം നടത്തുന്നതാണ് ഈ വിജയത്തിന് കാരണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ് പറഞ്ഞു.
വിദ്യാഭ്യാസം യുഎഇയുടെ വികസന കാഴ്ചപ്പാടിന്‍റെ അടിസ്ഥാന ശിലയാണെന്ന് വിദ്യാഭ്യാസ മന്ത്രി സാറ ബിന്‍റ് യൂസഫ് അൽ അമീരി പറഞ്ഞു. നിർമിത ബുദ്ധി പോലുള്ള മേഖലകളിൽ മത്സരത്തിനും നവീകരണത്തിനും യുവതലമുറയെ സജ്ജമാക്കുന്ന ഭാവി കേന്ദ്രീകൃത വിദ്യാഭ്യാസ നയങ്ങൾ അവർ എടുത്തുപറഞ്ഞു.