വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്ക. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. തങ്ങളുടെ പൂർണ പിൻതുണ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നൽകുന്നതായും പഹൽഗാം ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷസാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
അമേരിക്ക ഇന്ത്യയും പാകിസ്താനുമായി ഉന്നതതല നയതന്ത്രബന്ധം പുലർത്തുന്നതിനിടെയാണ് ഇന്ത്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് തുടർച്ചയായി അമേരിക്ക പരസ്യപ്രസ്താവനകൾ നടത്തുന്നത്. ‘സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും സംസാരിച്ചു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ കഴിഞ്ഞയാഴ്ച അറിയിച്ചതുപോലെ, ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. പ്രധാനമന്ത്രി മോദിക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്’. ബ്രൂസ് വ്യക്തമാക്കി.കശ്മീരിലെ ‘മനസ്സാക്ഷിയില്ലാത്ത’ ആക്രമണത്തെ അപലപിക്കേണ്ടതുണ്ടെന്ന് പാകിസ്താനെ ഓർമ്മപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടിരുന്നു. ആണവായുധ ശേഷിയുള്ള ഇരുരാജ്യങ്ങളോടും സംഘർഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതെസമയം പാകിസ്താനെ പൂർണമായി വിമർശിക്കാനും അമേരിക്ക തയാറായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുകയും സംഘർഷം കൂടുകയും ചെയ്ത സാഹചര്യത്തിൽ ഒരു മധ്യസ്ഥ ശ്രമത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്.