“കൊല്ലെടാ അവളെ!”… ഈ ഒരു വാചകം മതി കേരളത്തിലെ ഒരു ജില്ലയെ മുഴുവൻ യുദ്ധക്കളമാക്കാൻ. പക്ഷേ, ആരാണ് ഇത് വിളിച്ചത്? എവിടെ വെച്ചാണ് വിളിച്ചത്? കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ചിരിച്ചു കളിച്ച്, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി നടന്ന മന്ത്രി, വെറും അമ്പത് മീറ്റർ അപ്പുറത്തുള്ള രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴേക്കും എങ്ങനെ വധശ്രമത്തിന് ഇരയായി?
നമസ്കാരം, ഇന്നലെ നമ്മൾ ആ ‘ഓസ്കാർ’ ലെവൽ പ്രകടനം പുറത്തുവിട്ടിരുന്നു. പ്ലാറ്റ്‌ഫോം ഒന്നിലെ ഉഷാറും പ്ലാറ്റ്‌ഫോം രണ്ടിലെ നാടകവും നമ്മൾ കണ്ടു. എന്നാൽ ഇന്ന് കഥ മാറുകയാണ്. ആ അഭിനയത്തിന് പോലീസ് നൽകിയ ‘അംഗീകാരമാണ്’ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആ എഫ്.ഐ.ആർ (FIR). വധശ്രമം, മാരകായുധങ്ങൾ, കഴുത്തിന് നേരെയുള്ള ആക്രമണം… കേൾക്കുമ്പോൾ ഭീകരമായ ഒരു ഗൂഢാലോചന നടന്നതായി തോന്നും. എന്നാൽ സത്യം എന്താണ്? ഭരണകൂടം പോലീസിനെക്കൊണ്ട് എഴുതിക്കുന്ന ഈ ‘വിശ്വസാഹിത്യ’ തിരക്കഥയുടെ ഉള്ളുകള്ളികൾ നമുക്ക് ഇന്ന് ചർച്ച ചെയ്യാം. ഇത് വെറുമൊരു കേസല്ല, ഇത് ഈ രാജ്യത്തെ ഓരോ പൗരന്റെയും പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള ഭരണകൂട ഭീകരതയാണ്!
നമുക്ക് നേരെ കണ്ണൂർ പോലീസ് തയ്യാറാക്കിയ ആ എഫ്.ഐ.ആറിലേക്ക് കടക്കാം. ഒരു ക്രിമിനൽ കേസ് എങ്ങനെ ചമയ്ക്കണം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണിത്. മന്ത്രിയുടെ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഇതാണ് ഇതിലെ ഏറ്റവും വലിയ തമാശ. കരിങ്കൊടി കാട്ടുന്നതിനെ എങ്ങനെ വധശ്രമമാക്കാം എന്നതിന് പോലീസ് കണ്ടെത്തിയ വഴി നോക്കൂ. “മന്ത്രിയുടെ കഴുത്തിന് ലക്ഷ്യം വെച്ച് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചു” എന്ന് മൊഴിയിൽ പ്രത്യേകം ചേർത്തിട്ടുണ്ട്. കഴുത്തിന് മുകളിൽ ആക്രമണം നടന്നുവെന്ന് രേഖപ്പെടുത്തിയാൽ അത് കോടതിയിൽ വധശ്രമമായി സ്ഥാപിച്ചെടുക്കാൻ എളുപ്പമാണ്. പ്രതികൾക്ക് ഒരു കാരണവശാലും ജാമ്യം ലഭിക്കരുത് എന്ന കൃത്യമായ അജണ്ട ഇതിന് പിന്നിലുണ്ട്.
വീഡിയോ ദൃശ്യങ്ങളിൽ നമ്മൾ കാണുന്നത് കരിങ്കൊടി കെട്ടിയ ചെറിയ വടികളാണ്. എന്നാൽ പോലീസിന്റെ രേഖകളിൽ അത് ‘മാരകായുധങ്ങളാണ്’. പ്രതിഷേധിക്കാൻ വന്നവർ കൊലയാളികളാണെന്ന് വരുത്തിത്തീർക്കാനുള്ള പോലീസിന്റെ ഈ ‘ജാഗ്രത’ അഭിനന്ദനീയം തന്നെ!
പതിനായിരങ്ങൾ എപ്പോഴും തിരക്കുള്ള കണ്ണൂർ സ്റ്റേഷനിൽ, അവിടെയുണ്ടായിരുന്ന ആരും കേൾക്കാത്ത ഈ വിളി ഗൺമാൻ മാത്രം എങ്ങനെ കേട്ടു? ഇതൊരു നാടകീയമായ കൂട്ടിചേർക്കലല്ലേ? നമുക്ക് ആ വീഡിയോയിലേക്ക് ഒന്നുകൂടി വരാം. ഒന്നാം പ്ലാറ്റ്‌ഫോമിൽ മന്ത്രി വീണ ജോർജ്ജ് നിൽക്കുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ വിഷയം ചോദിച്ച മാധ്യമപ്രവർത്തകരോട് അവർ കയർത്ത് സംസാരിക്കുന്നു. അവിടെ ഒരു വേദനയുടെ ലക്ഷണവുമില്ല. അവിടെ നിന്ന് മന്ത്രി നടക്കുന്നു. വഴിയിൽ കാണുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർക്കും കൈവീശി കാണിച്ച്, അതിമനോഹരമായി ചിരിച്ചുകൊണ്ടാണ് മന്ത്രിയുടെ യാത്ര.
എന്നാൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചത്? അവിടെ സ്പീക്കർ എ.എൻ. ഷംസീറിനെ കാണുന്നു. ഒരു സിനിമയിലെ ‘ആക്ഷൻ’ സീൻ പോലെ, ഷംസീർ എത്തിയ നിമിഷം മന്ത്രിയുടെ മുഖം മാറുന്നു. വേദന കൊണ്ട് പുളയുന്നു, കഴുത്തിന് പിടിക്കുന്നു. പ്ലാറ്റ്‌ഫോം ഒന്നിൽ ഇല്ലാതിരുന്ന വേദന രണ്ടിൽ എത്തിയപ്പോൾ വന്നത് ഏത് മെഡിക്കൽ മിറക്കിൾ കൊണ്ടാണെന്ന് കേരളത്തിലെ ഡോക്ടർമാർ ഒന്ന് പറഞ്ഞുതരണം. ഈ രണ്ട് മിനിറ്റിൽ അവിടെ എന്ത് മാന്ത്രികവിദ്യയാണ് നടന്നത്? മന്ത്രിക്ക് മർദ്ദനമേറ്റു എന്ന് വരുത്തിത്തീർക്കാൻ ഇപ്പോൾ സൈബർ വിംഗുകൾ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പോലീസുകാരന്റെ ബാഡ്ജ് തട്ടി മന്ത്രിയുടെ കയ്യിൽ പോറലേറ്റ ചിത്രം. ഇത് കണ്ടാൽ ആർക്കും സഹതാപം തോന്നും. പക്ഷേ സത്യം എന്താണ്? ഈ പോറലിന് ഈ സംഭവവുമായി ഒരു ബന്ധവുമില്ല!
നാല് ദിവസം മുമ്പ് നടന്ന മറ്റൊരു പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതേ പോറലേറ്റ കൈ അവിടെയും കാണാം. പഴയ പരിക്കിനെ പുതിയ പ്രതിഷേധത്തിന്റെ തലയിൽ കെട്ടിവെച്ച് ‘ഇരയാകാൻ’ ശ്രമിക്കുന്നത് എത്രത്തോളം തരംതാണ പണിയാണ്? കയ്യിലെ പോറലിന് എന്തിനാണ് കഴുത്തുവേദന അഭിനയിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്? കയ്യിന് വേദനിച്ചാൽ കഴുത്തിന് ബെൽറ്റ് ഇടുന്ന വിദ്യ ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും നമ്മൾ കാണുന്നത്. എന്തിനാണ് ഈ നാടകം? അതിന്റെ ഉത്തരം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലുണ്ട്. അവിടെ ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന ചികിത്സാ പിഴവ് അത്രത്തോളം ഗുരുതരമാണ്. ആ കുടുംബം നീതിക്കായി കരയുമ്പോൾ, ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പും പ്രതിക്കൂട്ടിലാണ്. ഈ വീഴ്ചകൾ ചർച്ചയാകാതിരിക്കാൻ, ജനശ്രദ്ധ തിരിക്കാൻ മന്ത്രി പ്രയോഗിച്ച ബുദ്ധിശൂന്യമായ തന്ത്രമാണ് ഈ ‘മർദ്ദന’ നാടകം. “ഞാനൊരു ഇരയാണ്, എന്നെ കൊലപ്പെടുത്താൻ നോക്കി” എന്ന് വരുത്തിത്തീർത്താൽ പിന്നെ ആരും വണ്ടാനത്തെക്കുറിച്ച് ചോദിക്കില്ലല്ലോ? പണ്ട് സ്കൂൾ കലോത്സവത്തിൽ മോണോ ആക്റ്റിന് സമ്മാനം കിട്ടിയ കഴിവ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുമ്പോൾ പുറത്തെടുക്കുകയാണ് മന്ത്രി. പക്ഷേ, മാഡം… കാണുന്നത് ബുദ്ധിയുള്ള ജനങ്ങളാണെന്ന് നിങ്ങൾ മറന്നുപോയി. മന്ത്രിയുടെ ഈ അഭിനയത്തിന്റെ മറപിടിച്ച് കണ്ണൂരിൽ സി.പി.എം. നടത്തിയത് വലിയ അഴിഞ്ഞാട്ടമാണ്.
