മദ്യവർജ്ജനം’ എന്ന വാക്കിന്റെ അർത്ഥം നിങ്ങൾക്കറിയാമോ? അറിയില്ലെങ്കിൽ സാരമില്ല, നമ്മുടെ സർക്കാരിനും ഇപ്പോൾ അത് അല്പം കൺഫ്യൂഷനാണ്! മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ, ഇപ്പോൾ ഇതാ ബാറുകളുടെ സമയം ‘ഘട്ടം ഘട്ടമായി’ കൂട്ടിക്കൊണ്ടിരിക്കുകയാണ്. അതും മുന്നണിയിലോ മന്ത്രിസഭയിലോ ആരും അറിയാതെ! രാത്രി വൈകി വീട്ടിൽ വരാൻ പേടിച്ചിരുന്നവർ ഇനി പേടിക്കേണ്ട, കാരണം ബാറുകൾ പുലർച്ചെ വരെ തുറന്നിരിക്കും. ഐടി പ്രൊഫഷണലുകൾക്ക് ജോലി കഴിഞ്ഞു നേരെ ‘റിലാക്സ്’ ചെയ്യാൻ വേണ്ടിയാണത്രേ ഈ കടുംകൈ!
]അഞ്ച് ലക്ഷം രൂപ അധികം നൽകിയാൽ പുലർച്ചെ മൂന്ന് മണി വരെ മദ്യം വിളമ്പാം. നമ്മുടെ നാട് പുരോഗമിക്കുകയാണോ അതോ ‘പതയുകയാണോ’? മുഖ്യമന്ത്രി നേരിട്ട് ഫയലിൽ ഒപ്പിട്ട ഈ ‘മിന്നൽ വേഗത്തിലുള്ള’ തീരുമാനത്തിന് പിന്നിലെ രഹസ്യമെന്ത്? ബാർ മുതലാളിമാരും ഭരണകൂടവും തമ്മിലുള്ള ആ ‘അവിശുദ്ധ കൂട്ടുക്കെട്ട്’ എങ്ങോട്ടാണ് കേരളത്തെ എത്തിക്കുന്നത്? ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് കേരളത്തെ ഞെട്ടിച്ച, സഭകളെ ചൊടിപ്പിച്ച, സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയ ആ ‘രഹസ്യ മദ്യനയത്തെ’ കുറിച്ചാണ്.
കേരളത്തിലെ മദ്യനയം എന്ന് പറയുന്നത് എപ്പോഴും ഒരു വൈകാരികമായ വിഷയമാണ്. സാധാരണയായി ഓരോ സാമ്പത്തിക വർഷം തുടങ്ങുമ്പോഴും സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കും. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. പുതിയ മദ്യനയം വരുന്നതിന് തൊട്ടുമുമ്പ്, തികച്ചും അപ്രതീക്ഷിതമായി നികുതി വകുപ്പ് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുന്നു.
എന്നാൽ ഈ ഫയൽ നീങ്ങിയത് എക്സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ വഴി മാത്രമാണ്.
എന്തുകൊണ്ടാണ് ഇത്രയും വലിയൊരു കാര്യം രഹസ്യമായി വെച്ചത്? ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ (FKHA) നൽകിയ അപേക്ഷയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അനുമതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാർ, മറു വശത്ത് ബാർ മുതലാളിമാരുടെ ലാഭം കൂട്ടാൻ കാണിക്കുന്ന ഈ താല്പര്യം അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ.
ഈ തീരുമാനത്തെ ന്യായീകരിക്കാൻ സർക്കാർ നിരത്തുന്ന പ്രധാന കാരണങ്ങൾ ഐടി മേഖലയും ടൂറിസവുമാണ്. ഐടി മേഖലയിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ കുറവാണെന്നും, അതുകൊണ്ട് അവിടെ മദ്യലഭ്യത കൂട്ടണമെന്നുമാണ് വാദം.
കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവർ ശരിക്കും ആവശ്യപ്പെടുന്നത് മദ്യമാണോ? സുരക്ഷിതമായ ഗതാഗതം, താമസ സൗകര്യങ്ങൾ, മികച്ച ശമ്പളം, സ്ത്രീ ജീവനക്കാർക്ക് രാത്രികാലങ്ങളിൽ നൽകേണ്ട സംരക്ഷണം… ഇതൊക്കെയല്ലേ പ്രാഥമികമായി വേണ്ടത്? ജോലി കഴിഞ്ഞ് പുലർച്ചെ മൂന്ന് മണി വരെ ബാറിൽ ഇരിക്കാൻ എത്ര ഐടി ജീവനക്കാർ ക്യൂ നിൽക്കുന്നുണ്ട്?
ടൂറിസത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ, വിദേശികൾ കേരളത്തിലേക്ക് വരുന്നത് നമ്മുടെ ബാറുകളുടെ പ്രവർത്തന സമയം നോക്കിയാണോ? ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കേരളം അറിയപ്പെടുന്നത് അതിന്റെ പ്രകൃതിഭംഗി കൊണ്ടാണ്, അല്ലാതെ ‘നൈറ്റ് ലൈഫ്’ കൊണ്ടല്ല. ഗോവയോ ബാങ്കോക്കോ അല്ല കേരളം. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടത് ശുചിത്വമുള്ള പരിസരങ്ങളും, മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ്. അതിനു പകരം മദ്യം പുലർച്ചെ വരെ കൊടുക്കാം എന്ന് പറയുന്നത് ടൂറിസം വകുപ്പിന്റെ പരാജയം മറച്ചുവെക്കാനാണോ?
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർത്തിയത് ക്രൈസ്തവ സഭകളാണ്. കെസിബിസിയും (KCBC) ഓർത്തഡോക്സ് സഭയും സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
“മിന്നൽ വേഗത്തിലുള്ള ഈ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു ഡീൽ ആണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ഞങ്ങൾ അനുവദിക്കില്ല.” എട്ടാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ അവർ ആഹ്വാനം ചെയ്തിട്ടുണ്ട്. പള്ളികളിൽ സർക്കുലർ വായിക്കും. സർക്കാർ ജനങ്ങളെ
വഞ്ചിക്കുകയാണെന്നാണ് അവരുടെ വാദം. അമ്മമാരുടെ കണ്ണുനീരിനേക്കാൾ വലുതാണോ ബാർ മുതലാളിമാരുടെ ലാഭം? യുവതലമുറ ബാറിൽ തന്നെ കിടന്നുറങ്ങണമെന്നതാണോ സർക്കാർ ലക്ഷ്യം? 24 മണിക്കൂറും മദ്യം ലഭ്യമാക്കുന്നതിലൂടെ ഒരു തലമുറയെ തന്നെ നശിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സഭകളുടെ ഈ പ്രതിഷേധം വെറും മതപരമായ ഒന്നല്ല, മറിച്ച് അതൊരു സാമൂഹിക ആശങ്കയാണ്. ഒരു ബാറിൽ കയറുന്ന വ്യക്തി അവിടെ ചിലവാക്കുന്ന ഓരോ രൂപയും ആ കുടുംബത്തിന്റെ ആവശ്യങ്ങളിൽ നിന്നാണ് വരുന്നത്. മദ്യലഭ്യത കൂടുമ്പോൾ സ്വാഭാവികമായും മദ്യപാനികളുടെ എണ്ണം കൂടും, അത് കുടുംബ തകർച്ചയിലേക്കും അക്രമങ്ങളിലേക്കും നയിക്കും.
