13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് ചെറുപ്പത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുന്നതിനും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യകതകളെപറ്റിയും പഠനം ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി ഫോൺ ലഭിക്കുന്ന പ്രായം കുറയുന്നതിനനുസരിച്ച് ഈ അപകടസാധ്യത വർദ്ധിക്കുന്നതായും പഠനം പറയുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി, 18-24 വയസ്സിനിടയിലുള്ള 130,000 പേരിൽ സാപ്പിയൻ ലാബ്സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരത്തെയുള്ള സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നത്.മാത്രമല്ല കുട്ടികളിൽ ആക്രമണോത്സുകത, നിരാശ, മിഥ്യാബോധം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസിക പ്രശ്നങ്ങളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. പഠനത്തിന്റെ ഫലങ്ങളില്‍ നിന്നും കുട്ടികൾക്ക് സ്മാർട്ട്ഫോൺ ലഭ്യത നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നു. ഇതിനായി സോഷ്യല്‍ മീഡിയയോ എഐയുടെ ഉള്ളടക്കങ്ങളോ ഇല്ലാത്ത തരത്തിലുള്ള ഫോണുകള്‍ ബദല്‍ മാര്‍ഗമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.