ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ?

ഗൂഗിളിന്റെ ഉപഭോക്താവ് മരണപ്പെട്ടാല്‍ അയാളുടെ ഗൂഗിള്‍ സ്റ്റോറേജിലെ ഡേറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നറിയാമോ? ഉപഭോക്താവിന്റ മരണ ശേഷം ഡേറ്റ കൈകാര്യ ചെയ്യുന്നതിന് വേണ്ടി ഗൂഗിള്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ‘ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍’ എന്ന സൗകര്യം ഉപഭോക്താവിന് ഉപയോഗപ്പെടുത്താം. അതായത് നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ ഡേറ്റ ഗൂഗിള്‍ എന്ത് ചെയ്യണമെന്ന് മുന്‍കൂട്ടി ഗൂഗിളിനെ അറിയിക്കാം.എന്നാൽ ഇതിനായി ചില വിവരങ്ങള്‍ നിങ്ങള്‍ മുന്‍കൂര്‍ ആയി നല്‍കണം.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെയാണ്; Manage your Google account – Data and Privacy- Scroll down to More options- Make a plan for your legacy തിരഞ്ഞെടുക്കുക.
നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമാണെന്ന് തീരുമാനിക്കാന്‍ ഗൂഗിളിന് സമയപരിധി നല്‍കാം. 3 മാസം, 6 മാസം, 12 മാസം, 18 മാസം എന്നീ ഓപ്ഷനുകളാണ് ഗൂഗിള്‍ നല്‍കുന്നത്. അതായത് ഇതില്‍ 3 മാസം ആണ് നിങ്ങള്‍ തിരഞ്ഞെടുത്തത് എങ്കില്‍ മൂന്ന് മാസം അക്കൗണ്ട് ഒരു തരത്തിലും ഉപയോഗിക്കാതെ വന്നാല്‍ ഗൂഗിള്‍ ആ അക്കൗണ്ട് നിഷ്‌ക്രിയമായിട്ടുണ്ടെന്ന് തീരുമാനിക്കും.

മരണം മാത്രമായിരിക്കില്ലല്ലോ വ്യക്തിപരമായ മറ്റ് കാരണങ്ങളാലും ഗൂഗിള്‍ അക്കൗണ്ട് നിഷ്‌ക്രിയമാകാനുള്ള കാരണമായേക്കാമല്ലോ? ഇത്തരം സാഹചര്യങ്ങളില്‍ അക്കൗണ്ടിന്റെ നിഷ്‌ക്രിയ കാലാവധി പൂര്‍ത്തിയാകാനായത് ഗൂഗിള്‍ നിങ്ങളെ അറിയിക്കും. ഇതിനായി നിങ്ങളുടെ ഫോണ്‍ നമ്പറും മറ്റൊരു ഇമെയില്‍ ഐഡിയും ഗൂഗിളിന് നല്‍കാവുന്നതാണ്. ഇതിലേക്കാണ് അക്കൗണ്ട് നിഷ്‌ക്രിയമാണെന്നും അടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഗൂഗിള്‍ അറിയിപ്പുകള്‍ ലഭിക്കുക. ഇനി മരണം സംഭവിച്ചാല്‍, നിങ്ങളുടെ അക്കൗണ്ടിലെ ഡേറ്റയുടെ നിയന്ത്രണം വിശ്വസ്തരായ ആളുകള്‍ക്ക് കൈമാറാം. മക്കള്‍, ഭാര്യ, ഭര്‍ത്താവ് ഉള്‍പ്പടെ അടുത്ത അവകാശിക്കോ ഉറ്റവരായ മറ്റുള്ളവര്‍ക്കോ അത് നല്‍കാം. ഇതിനായി അവരുടെ ഇമെയില്‍ ഐഡികള്‍ നല്‍കണം.

അതേസമയം വിശ്വസ്തരായ കോണ്‍ടാക്ടുകളുമായി ഏതെല്ലാം ഡേറ്റ പങ്കുവെക്കണം എന്ന് നിങ്ങൾക്ക് നേരത്തെ തീരുമാനിക്കാം. ഗൂഗിള്‍ ഫോട്ടോസ് ഉള്‍പ്പടെയുള്ളവ ഇതില്‍ നല്‍കാനാവും. നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായിക്കഴിഞ്ഞാല്‍ ഗൂഗിള്‍ ഈ വ്യക്തികളെ വിവരം അറിയിക്കുകയും നിങ്ങളുടെ ഡേറ്റയിലേക്കുള്ള പ്രവേശനം നിങ്ങള്‍ തീരുമാനിച്ച വ്യക്തികള്‍ക്ക് തന്നെ ലഭിക്കുകയും ചെയ്യും.നിങ്ങള്‍ അനുവദിച്ച ഡേറ്റയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ക്ക് മൂന്ന് മാസം സമയം അനുവദിക്കും. ഈ മൂന്ന് മാസത്തെ പരിധി കഴിഞ്ഞാല്‍ ഗൂഗിള്‍ നിങ്ങളുടെ ഡേറ്റയെല്ലാം സ്വമേധയാ നീക്കം ചെയ്യും. അതേസമയം, നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായ വിവരം അറിയിക്കുന്നതിന് നിങ്ങള്‍ മറ്റുള്ളവരുടെ കോണ്‍ടാക്ടുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ആരെയും അറിയിക്കില്ല. മൂന്ന് മാസത്തിന് ശേഷം ഗൂഗിള്‍ ഡേറ്റയും അക്കൗണ്ടും നീക്കം ചെയ്യും

മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍ എല്ലാവരും ഉപയോഗിക്കാനിടയില്ല. മൂന്ന് മാസമാണ് ഒരു ഗൂഗിള്‍ അക്കൗണ്ടിന് നിഷ്‌ക്രിയമായി തുടരാനുള്ള കാലാവധി. ഇനാക്ടീവ് അക്കൗണ്ട് മാനേജര്‍ ഉപയോഗിച്ച് അവകാശികളുടെ കോണ്‍ടാക്ടുകള്‍ നല്‍കിയില്ലെങ്കില്‍ സാഭാവികമായും അക്കൗണ്ട് നിഷ്‌ക്രിയമായി മൂന്ന് മാസത്തിന് ശേഷം ഗൂഗിള്‍ ഡേറ്റയും അക്കൗണ്ടും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കും. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ പ്രധാനപ്പെട്ട ഡേറ്റ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എടുക്കുന്നതിനായി നിങ്ങളുടെ ഉറ്റവര്‍ക്കോ നിയമപ്രകാരമുള്ള പ്രതിനിധികള്‍ക്കോ ഗൂഗിളിനെ നേരിട്ട് ബന്ധപ്പെടാം. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ആവശ്യമായ രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഗൂഗിള്‍ ഉപഭോക്താവിന്റെ ഡേറ്റയിലേക്ക് പ്രവേശനം നല്‍കൂ. എങ്കിലും ഡേറ്റയിലേക്ക് പൂര്‍ണമായ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പില്ല.

എന്നാൽ ഡേറ്റയുടെ കാര്യത്തില്‍ കടുംപിടിത്തമുള്ള സ്ഥാപനമാണ് ആപ്പിള്‍. അതുകൊണ്ടു തന്നെ ലോഗിന്‍ വിവരങ്ങള്‍ ഇല്ലാതെ ആപ്പിള്‍ ഡേറ്റയിലേക്കുള്ള പ്രവേശനം സാധ്യമല്ല. ഒരു വര്‍ഷം വരെ ആപ്പിള്‍ അക്കൗണ്ടിന് നിഷ്‌ക്രിയമായി തുടരാനാവും. അതിന് ശേഷം ആപ്പിള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ ഐഡിയിലേക്ക് അറിയിപ്പ് നല്‍കും. അതിന് ശേഷം അക്കൗണ്ട് ഉടമയില്‍ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കില്‍, അക്കൗണ്ട് നീക്കം ചെയ്യും. ആപ്പിള്‍ ഐഡിയും, ഇമെയില്‍ അക്കൗണ്ടും, സ്റ്റോറേജും ഉള്‍പ്പടെ ആപ്പിള്‍ നീക്കം ചെയ്യും. അതിന് ശേഷവും അക്കൗണ്ടിലെ ചില വിവരങ്ങള്‍ കമ്പനി സൂക്ഷിച്ചുവെക്കും. നിയമപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *