പുത്തൻ അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ചാറ്റുകള്‍, ചാനല്‍, കോളുകള്‍ എന്നീ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ പുതിയ നീക്കം.
‘ഓണ്‍ലൈന്‍’ ഇന്‍ഡിക്കേറ്ററാണ് പുതിയ അപ്ഡേറ്റിലെ പ്രധാന മാറ്റം. ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇവ ഗ്രൂപ്പില്‍ എത്രപേര്‍ ഓണ്‍ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്.മറ്റൊന്ന് ചില നോട്ടിഫിക്കേഷനുകള്‍ ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ്. ‘നോട്ടിഫൈ ഫോര്‍’ എന്നൊരു സെറ്റിങ്സ് ഓപ്ഷന് കൂടി ഇതിനായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ്സ് തിരഞ്ഞെടുത്താല്‍ പ്രത്യേകം നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്കി കാണിക്കാന്‍ കഴിയും. ഉദാഹരണത്തിന് നിങ്ങളെ മെന്‍ഷന്‍ ചെയ്യുന്ന നോട്ടിഫിക്കേഷനുകള്‍, നിങ്ങളുടെ സന്ദേശങ്ങള്‍ക്ക് റിപ്ലൈ ചെയ്യുമ്പോള്‍, സേവ്ഡ് കോണ്ടാക്റ്റില് നിന്നുള്ള മെസേജുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്‍തിരിച്ച് പ്രാധാന്യം നല്‍കാം. അതല്ലെങ്കില്‍ എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില്‍ ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്മെന്റ് ഓപ്ഷനില്‍ ഇതിനായുള്ള ഓപ്ഷന് വഴി ലഭ്യമാവും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു.കൂടാതെ ഇനിമുതല്‍ ഐഫോണില്‍ ഡിഫോള്‍ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്ട്സ്ആപ്പ് ഉപയോഗിക്കാനാവും.
അതെസമയം വീഡിയോകോളുകള്‍ വിരലുകള്‍ ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്ട്സ്ആപ്പിൽ ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള്‍ ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവുകയും ചെയ്യും.ഗ്രൂപ്പ് ചാറ്റുകളില്‍ ഇവന്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല്‍ രണ്ട് പേര് തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനും സാധിക്കും.
ആര്‍എസ് വിപി ഓപ്ഷനില്‍ മേ ബീ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പ് കോള്‍ ലിങ്ക് ഉള്‍പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. അതെസമയം മൂന്ന് അപ്ഡേറ്റുകളാണ് വാട്ട്സ്ആപ്പ് ചാനല്‍ ഫീച്ചറില്‍ അവതരിപ്പിച്ചത്.
അഡ്മിന്മാര്ക്ക് ഇനി ചെറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഫോളോവര്‍മാര്‍ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്‍കോഡ് നിര്‍മിച്ച് പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.