ലോകവന്യജീവി ദിനത്തില്‍ വന്യജീവി സംരക്ഷണത്തിനായുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്ന ജന്തുജാലങ്ങളുടെ വൈവിധ്യം ആഘോഷിക്കാനുള്ള ദിനമാണിതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ലോക വന്യജീവി ദിനത്തിന് ആശംസകള്‍ നേര്‍ന്നത്.വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സുസ്ഥിരമായ രീതികള്‍ പിന്തുടരുന്നതിലും ഭാരതം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
അസാധാരണമായ വന്യജീവി സമ്പത്തിന്റെ ആവാസ കേന്ദ്രമായ ഭാരതം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനത്തിലധികവും ഭാരതത്തിലാണ്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍, ഏഷ്യന്‍ ആനകള്‍ എന്നിവയുടെ കാര്യത്തില്‍ ഭാരതം ഒന്നാമതാണെന്നും കൂടാതെ, ഏഷ്യന്‍ സിംഹങ്ങള്‍ വളരുന്ന ഏക രാജ്യം ഭാരതമാണെന്ന വസ്തുതയും അദ്ദേഹം അഭിമാനപൂര്‍വം എടുത്തുപറഞ്ഞു. വന്യജീവി സംരക്ഷണത്തിനായി ഇന്റര്‍നാഷണല്‍ ബിഗ് കാറ്റ് അലയന്‍സ് പോലുള്ള ആഗോള വേദികള്‍ ഭാരതം രൂപീകരിച്ചിട്ടുണ്ട്. ചീറ്റകളുടെ പുനരധിവാസം, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ഘാരിയല്‍, സ്ലോത്ത് ബിയര്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയവ എന്‍ഡിഎ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണ്.
