അടുത്ത സീസണിനായി മികച്ച ടീമിനെ കണ്ടെത്തും: എം എസ് ധോണി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. ‘ചെന്നൈ നേടിയ 176 എന്ന സ്കോർ ശരാശരിയിൽ വളരെ താഴെയായിരുന്നു. കാരണം രണ്ടാം പകുതിയിൽ മഞ്ഞ് വരുമെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു. മധ്യ ഓവറുകൾ ചെന്നൈയ്ക്ക് നന്നായി കളിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ് ബുംമ്ര. മുംബൈ ഇന്ത്യൻസ് നേരത്തെ തന്നെ ഡെത്ത് ബൗളിങ് ആരംഭിച്ചു.അതിനൊപ്പം ചെന്നൈ നന്നായി സ്കോർ ചെയ്യണമായിരുന്നു. വലിയ ഷോട്ടുകൾ ആ സമയത്ത് വരണമായിരുന്നു. കുറച്ചുകൂടി റൺസ് നേടാൻ ചെന്നൈയ്ക്ക് കഴിയുമായിരുന്നു. കാരണം മഞ്ഞുള്ളപ്പോൾ 175 ഒരു ശരാശരി സ്കോർ പോലുമല്ല. ധോണി മത്സരശേഷം പ്രതികരിച്ചു.

ഇത്തവണ പ്ലേ ഓഫിൽ എത്തിയില്ലെങ്കിലും അടുത്ത സീസണിൽ ചെന്നൈ ശക്തമായി തിരിച്ചുവരുമെന്നും ധോണി പ്രതീക്ഷ പ്രകടിപ്പിച്ചു. ‘സീസണിലെ അവശേഷിച്ച മത്സരങ്ങൾ പ്രധാനമാണ്. അതെല്ലാം വിജയിക്കാൻ ശ്രമിക്കും. പരാജയങ്ങൾ ഉണ്ടായാൽ പ്ലേ ഓഫ് സാധ്യതകൾ മങ്ങും. അങ്ങനെയെങ്കിൽ അടുത്ത വർഷത്തേയ്ക്ക് മികച്ചയൊരു ടീമിനെ കളത്തിലെത്തിക്കാനാവും ശ്രമം.’ ധോണി വ്യക്തമാക്കി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *