മാഹി: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാഹിയിൽ നിന്ന് മറ്റൊരു സ്കൂളിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നു. മാഹി ചാലക്കരയിൽ പ്രവർത്തിക്കുന്ന എക്സൽ പബ്ലിക് സ്കൂളാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അപകട ഭീഷണി ഉയർത്തുന്നത്. അനധികൃതമായി വൻ തോതിൽ കുന്നിടിച്ചാണ് ഇവിടെ സ്കൂൾ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം സജീവമാണ്. സ്കൂളിന് പിന്നിലായി വലിയ ഭീഷണി ഉയർത്തി ഇപ്പോഴും മലയുണ്ട്. നിലവിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്ത് ഇതിനകം തന്നെ മണ്ണ് ഇടിച്ചൽ രൂക്ഷമാണെന്നാണ് പ്രദേശത്തുകാർ പറയുന്നത്. വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന വഴിയരികിലെ കരിങ്കൽ മതിൽ ഏത് നിമിഷവും തകർന്ന് വീഴുമെന്ന അവസ്ഥയിലാണ്. അങ്ങനെങ്കിൽ വൻ ദുരന്തമാണ് ഉണ്ടാകുക.

സ്കൂൾ കെട്ടിടത്തിന് സമീപത്തായി കുന്നിടിച്ച് നിരത്തി പണിയുന്ന കെട്ടിടവും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ മണ്ണെടുപ്പ് പ്രധാന സ്കൂൾ കെട്ടിടത്തെ കാര്യമായി ബാധിക്കുമെന്നാണ് പ്രദേശത്തുകാർ ആശങ്കപ്പെടുന്നത്. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. മഴ കനത്തതോടെ ഇവിടെ വൻ ദുരന്തത്തിന് കാരണമാകുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. അതും കുട്ടികളുടെ ജീവിതം കൊണ്ട്. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ഇവിടെ സ്കൂൾ നിർമ്മിച്ചതെന്ന ആക്ഷേപവും ശക്തമാണ്. അതിന് പിന്നാലെയാണ് പുതിയ നിർമ്മാണം. കുട്ടികളുടെ ജീവിതം വച്ച് പന്താടുന്ന സ്കൂൾ അധികൃതർക്ക് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന ചോദ്യമാണ് നാട്ടുകാർ ഇവിടെ ഉയർത്തുന്നത്. 2014 ലാണ് ജികെ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന് കീഴിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പി മോഹൻ ആണ് നിലവിലെ ചെയർമാൻ. എൽകെജി മുതൽ ഹയർസെക്കണ്ടറി വരെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

വാർത്തകളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ഞങ്ങളെ ബന്ധപ്പെടുക… +918921992897