ഇന്ത്യയില്‍ 8,000 ത്തോളം അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ബ്ലോക് ചെയ്യുമെന്ന് എക്സ്. അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും പ്രമുഖ എക്സ് ഉപയോക്താക്കളുടേയും അടക്കം അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുകയെന്ന് എക്സ് വ്യാഴാഴ്ച രാത്രിയോടെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുകയും കമ്പനിയുടെ രാജ്യത്തെ ജീവനക്കാര്‍ക്കെതിരെ തടവുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും എക്സ് വ്യക്തമാക്കി.
ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ക്കെതിരായ നിരീക്ഷണം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ അടിയന്തരനടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചോ ഇന്ത്യയുടെ സുരക്ഷാസാഹചര്യങ്ങളെക്കുറിച്ചോ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുംകേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.