വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്. വി എസ് നെ അധിക്ഷേപിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിൽ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമർപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മറുപടിയായാണ് വിനായകൻ പോസ്റ്റിട്ടത്.
വിഎസിന് അഭിവാദ്യം അർപ്പിക്കാൻ കഴിഞ്ഞ ദിവസം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാദ്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.എന്നാൽ പിന്നാലെ നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചു താരത്തിനെതിരെ പ്രതികരിച്ച് ചിലർ എത്തുകയായിരുന്നു.
നിരവധി പേരാണ് വിനായകനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകളിട്ടത്. എന്നാൽ ഇതിനെല്ലാം ഒടുവിൽ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു നടൻ. “എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിന്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തുവെന്നാണ് വിനായകൻ കുറിച്ചത്.