തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും രൂപംകൊള്ളുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കമ്മിഷന് വിവേചനം നടത്താനാകുകയെന്നും അദ്ദേഹം ചോദിച്ചു.ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് പ്രതികരണം.
‘ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ വോട്ടർമാരോ അത്തരം ആരോപണങ്ങളെ ഭയക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കുവച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുമ്പോൾ, കമ്മിഷന്‍ എല്ലാവരോടുമായി ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുടെയും കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നു. യാതൊരു വിവേചനവുമില്ല. ഇനിയും അത് തുടരും’- തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.