രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകന്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ സംഭവം നടന്നത്. കായികാധ്യാപകനായ അല്‌പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള അടുപ്പവും ഭാര്യയുടെ ഉപദ്രവവും കാരണമാണ് കടുംകൈ ചെയ്തതെന്നാണ് അധ്യാപകന്റെ ആത്മഹത്യാക്കുറിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് അല്‌പേഷിന്റെ ഭാര്യ ഫാല്‍ഗുനി, ഇവരുടെ കാമുകന്‍ നരേഷ് റാത്തോഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫാല്‍ഗുനിയും നരേഷ് റാത്തോഡും ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ്. നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലാണെന്നും ഈ ബന്ധത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് അധ്യാപകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇതിൽ നരേഷുമായുള്ള ഭാര്യയുടെ ബന്ധത്തെക്കുറിച്ചാണ് അല്‌പേഷ് എഴുതിയിരുന്നത്. 200 പേജുള്ള രണ്ട് ഡയറികളും വീട്ടിലുണ്ടായിരുന്നു.
ഇതിലൊന്ന് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയാണ് സമര്‍പ്പിച്ചിരുന്നത്. രണ്ടാമത്തെ ഡയറിയില്‍ പൂര്‍ണമായും ഭാര്യയെക്കുറിച്ചാണ് അല്‌പേഷ് എഴുതിയിരുന്നതെന്നും ഡിസിപി(സോണ്‍-4) വിജയ്‌സിങ് ഗുര്‍ജാര്‍ മാധ്യമങ്ങളോട് പറഞ്ഞു.സഹപ്രവര്‍ത്തകനുമായുള്ള ഭാര്യയുടെ ബന്ധം അല്‌പേഷ് അറിഞ്ഞു .ഇതോടെയാണ് അല്‌പേഷ് അമിതമായ മദ്യപാനവും പുകവലിയും ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ജൂണ്‍ മാസം മുതലാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പും ഡയറികളും എഴുതിത്തുടങ്ങിയത്. അതേസമയം മദ്യപാനം കൂടിയതോടെ ഭാര്യ പലതവണ എതിർത്തിരുന്നു .എന്നാൽ അല്‌പേഷ് മദ്യപാനം നിർത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ അറസ്റ്റിലായ ഫാല്‍ഗുനിയും നരേഷ് റാത്തോഡും നാലുവര്‍ഷമായി പ്രണയത്തിലാണ്. എന്നാൽ റാത്തോഡിന് ആദ്യഭാര്യയില്‍ ഒരു കുട്ടിയുണ്ട്. റാത്തോഡിന്റെ ആദ്യഭാര്യ മരിച്ചതോടെ മറ്റൊരു സ്ത്രീയുമായി ഇയാളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പക്ഷേ, ഇത് വിവാഹത്തിലെത്തിയില്ല. തുടര്‍ന്നാണ് ഫാല്‍ഗുനിയുമായി ഇയാള്‍ അടുപ്പത്തിലായതെന്നും പോലീസ് വ്യക്തമാക്കി.