യുദ്ധക്കളമാകുന്ന ഹോർമൂസ്

ലോകത്തിന്റെ ഊർജനാഡിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും ഒരു യുദ്ധമുഖമായി മാറിയിരിക്കുന്നു.ഇത്തവണ പോരാട്ടം മിസൈലുകൾ തമ്മിലല്ല, മറിച്ച് വെള്ളത്തിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന ‘മൈനുകൾ’ തമ്മിലാണ്.പാക്കിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ ഇറാൻ വിതച്ച ആയിരക്കണക്കിന് മൈനുകൾ നീക്കം ചെയ്യാൻ അമേരിക്കൻ സെൻട്രൽ കമാൻഡ് അത്യാധുനിക അണ്ടർവാട്ടർ ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും രംഗത്തിറക്കിയിരിക്കുകയാണ്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ ഒഴുക്ക് വീണ്ടെടുക്കാനുള്ള ജീവൻമരണ പോരാട്ടമാണ്.


ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന പെട്രോളിയത്തിന്റെ 20 ശതമാനവും ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) 2020 ശതമാനവും കടന്നുപോകുന്ന ഏക ഇടനാഴിയാണ് ഹോർമുസ്. എന്നാൽ നിലവിൽ ഈ പാത ഇറാൻ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഏകദേശം 2,000 മുതൽ 6,000 വരെ നേവൽ മൈനുകൾ ഇറാൻ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏറ്റവും ഭയാനകമായ വസ്തുതഈ മൈനുകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ വിവരം ഇറാനുപോലും നിലവിൽ അറിയില്ല എന്നതാണ്. ഈ അനിശ്ചിതത്വം കടലിടുക്കിനെ ഒരു മരണക്കെണിയാക്കി മാറ്റിയിരിക്കുന്നു. ചെറിയൊരു അബദ്ധം സംഭവിച്ചാൽ കപ്പലുകൾ വൻ ദുരന്തത്തിൽപെടും.


നിലവിൽ 800ലധികം കപ്പലുകളാണ് ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്.ഇതിന്റെ ഫലമായി ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു.ഈ പ്രതിസന്ധി മറികടക്കാനാണ് അമേരിക്കൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പുതിയ സുരക്ഷിത പാതയൊരുക്കുമെന്ന് പ്രഖ്യാപിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുദ്ധക്കപ്പലുകൾക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയിട്ടുള്ളത് കടൽ കടൽ മൈനുകളാണ്. അതുകൊണ്ടുതന്നെ നേരിട്ട് കപ്പലുകൾ അയക്കുന്നതിന് പകരം ഡ്രോണുകളെയും റോബോട്ടിക് സംവിധാനങ്ങളെയുമാണ് സെന്റ്കോം ആശ്രയിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യൽ കേവലം ഒരു സൈനിക നീക്കമല്ല, മറിച്ച് ആഗോള സാമ്പത്തിക വ്യവസ്ഥയുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഇറാൻ വിരിച്ച മൈൻ വലയങ്ങളെ തകർക്കാൻ അമേരിക്കൻ ഡ്രോണുകൾക്ക് സാധിക്കുമോ എന്നത് വരും ദിവസങ്ങളിൽ ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിൽ തുടരുമ്പോൾ, സമുദ്രപാതയിലെ ഈ ‘റോബോട്ടിക് യുദ്ധം’ആഗോള ഊർജ വിപണിയെ വീണ്ടും ചലിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

Leave a Reply

Your email address will not be published. Required fields are marked *