മമതയുടെ അഹങ്കാരത്തിന് ജനങ്ങൾ കൊടുത്ത എട്ടിന്റെ പണി

രാഷ്ട്രീയമെന്നാൽ വെറും കളിയല്ല, അത് കണക്കുകൂട്ടലുകളുടെയും അട്ടിമറികളുടെയും കനൽക്കളമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ! ഒന്നര പതിറ്റാണ്ടുകാലം ബംഗാളിന്റെ മണ്ണിൽ ‘എന്റെ വാക്ക്, എന്റെ ഭരണം’ എന്ന് പറഞ്ഞ് അഹങ്കരിച്ച മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കോട്ടകൾ ഒന്നൊന്നായി തകർന്നടിയുകയാണ്!

വെറുമൊരു തോൽവിയല്ല സുഹൃത്തുക്കളെ, സ്വന്തം അജയ്യ കോട്ടയെന്ന് തൃണമൂൽ അഹങ്കരിച്ച ‘ഫൽത്ത’യിൽ ഇരട്ടത്തോണിയിലെ യാത്ര അവസാനിപ്പിച്ച് ടിഎംസി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിരിക്കുന്നു! കേട്ടത് ഞെട്ടലോടെയാണെങ്കിലും സത്യമാണ്. അഭിഷേക് ബാനർജിയുടെ സ്വന്തം തട്ടകത്തിൽ തൃണമൂൽ അഡ്രസ്സ് ഇല്ലാതെ പോയിരിക്കുന്നു!
മറുവശത്ത്, ബംഗാളിന്റെ മണ്ണിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം പിടിച്ചതിന് പിന്നാലെ വന്ന ഈ ഉപതെരഞ്ഞെടുപ്പ് ഫലം ഒന്നുറപ്പിച്ചു പറയുന്നു– ബംഗാളിൽ ഇനി കളി വേറെയാണ്! ഇനി നമുക്ക് നോക്കാം… എന്താണ് ശരിക്കും ഫൽത്തയിൽ സംഭവിച്ചത്? മമതയുടെ ഭരണം അവസാനിച്ചോ? മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ സിപിഎമ്മിലേക്ക് പോയോ? നമ്മുക്ക് പരിഷോദിക്കാം
ആദ്യം നമുക്ക് ആ ഞെട്ടിക്കുന്ന കണക്കുകളിലേക്ക് പോകാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത സുരക്ഷാ വലയത്തിൽ, സുതാര്യമായി നടന്ന വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഫൽത്തയിൽ വിരിഞ്ഞത് താമരയാണ്! വെറും വിരിയലല്ല, വമ്പൻ കാറ്റായി ബിജെപി ആഞ്ഞടിച്ചു!
ബിജെപി1,49,666 വോട്ടുകൾ! അതായത് ആകെ പോൾ ചെയ്തതിന്റെ 71.20 ശതമാനം വോട്ടും വാരിയെടുത്ത് ബിജെപി അവിടെ സിംഹാസനം ഉറപ്പിച്ചു!
ഇനി നമുക്ക് മമതയുടെ പാർട്ടിയുടെ കാര്യം നോക്കാം. ജനവിധി വന്നപ്പോൾ തൃണമൂലിന് കിഠിയത് 7,783 വോട്ടുകൾ മാത്രം! വെറും 3.7 ശതമാനം! ഒരു നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച്, ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് (16.6%) പോലും നേടാൻ കഴിയാതെ കെട്ടിവെച്ച തുക വരെ നഷ്ടമായി നാണംകെട്ടിരിക്കുകയാണ് ടിഎംസി!
നിങ്ങൾ ആലോചിക്കണം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതേ ഫൽത്ത മണ്ഡലത്തിൽ നിന്ന് തൃണമൂലിന് ലഭിച്ചത് 89% വോട്ടും 1.68 ലക്ഷത്തിന്റെ ഭൂരിപക്ഷവുമായിരുന്നു! 2021-ൽ 56% ഉണ്ടായിരുന്ന വോട്ട് വിഹിതമാണ് ഇന്ന് വെറും 3.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്! ചോര നീരാക്കി ഉണ്ടാക്കിയ കോട്ടയെന്ന് പറഞ്ഞിരുന്നവർക്ക് സ്വന്തം അണികൾ തന്നെ ഒടുക്കത്തെ പണി കൊടുത്തു!
ഇവിടെയാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും രസകരമായ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്! ഫൽത്ത മണ്ഡലത്തിൽ ഏകദേശം 30 ശതമാനത്തോളം മുസ്ലിം വോട്ടർമാരുണ്ട്. കാലങ്ങളായി മമതയുടെ ‘വോട്ട് ബാങ്ക്’ ആയി സുരക്ഷിതമായി ഇരുന്ന ന്യൂനപക്ഷ വോട്ടുകൾ! എന്നാൽ ഇത്തവണ അവിടെ സംഭവിച്ചത് എന്താണ്?
ബിജെപിയെ ശക്തമായി പ്രതിരോധിക്കാൻ ഇനി ഈ അഴിമതിയിൽ മുങ്ങിയ തൃണമൂലിന് കഴിയില്ലെന്ന് ബംഗാളിലെ ന്യൂനപക്ഷങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അതോടെ, മമതയുടെ പിന്നിൽ ഉറച്ചുനിന്ന മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ തൃണമൂലിനെ കൈവിട്ടു! അവർ എങ്ങോട്ടേക്കാണ് പോയത്? നേരെ തങ്ങളുടെ പഴയ തട്ടകമായ ഇടതുപക്ഷത്തിലേക്ക്, അതായത് സിപിഎമ്മിലേക്ക്!
സിപിഎമ്മിന്റെ ശംഭു നാഥ് കുർമി 40,645 വോട്ടുകൾ നേടി (20% വോട്ട് വിഹിതം) രണ്ടാം സ്ഥാനത്തെത്തി! കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല 10,084 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ഇതോടെ വർഷങ്ങളായി ബംഗാളിൽ ‘പുകയത്തായിരുന്ന’ സിപിഎം നേതാക്കൾ പെട്ടെന്ന് അണപൊട്ടി പുറത്തുവന്നിട്ടുണ്ട്! സിപിഎം നേതാവ് ഡോ. സുജൻ ചക്രവർത്തി എക്സിൽ കുറിച്ചത് എന്താണെന്നോ? “ബിജെപിക്കെതിരെയുള്ള പോരാട്ടം ഇനി ഇടതുപക്ഷം നയിക്കും. അഭിഷേക് ബാനർജിയുടെ ‘ഡയമണ്ട് ഹാർബർ മോഡൽ’ എന്നത് വെറും തട്ടിപ്പും കൊള്ളയുമാണെന്ന് ജനങ്ങൾക്ക് മനസ്സിലായി!” എന്ന്.
പക്ഷെ സിപിഎം നേതാക്കളോട് ഒരു ചോദ്യം… മമത തകരുമ്പോൾ ആ വോട്ട് വാങ്ങി രണ്ടാമത് എത്തിയതുകൊണ്ട് മാത്രം ബംഗാളിൽ കളി മാറുമോ? ബിജെപി അവിടെ 71 ശതമാനം വോട്ട് വാങ്ങി സിംഹത്തെപ്പോലെ ഭരിക്കുമ്പോൾ, തൃണമൂലിന്റെ തകർച്ചയിൽ സന്തോഷിക്കുന്ന സിപിഎമ്മിന്റെ ഈ പുകയത്തെ രാഷ്ട്രീയം എത്രത്തോളം വിജയിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാം! എങ്കിലും ഒന്ന് വ്യക്തം– മമതയുടെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ വീണു കഴിഞ്ഞു!
ഈ തകർച്ച വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല കൂട്ടരേ, ഇത് തൃണമൂൽ കോൺഗ്രസ് എന്ന സംഘടനയുടെ ആന്തരികമായ തകർച്ചയാണ്! മമതാ ബാനർജി എന്ന ജനപ്രിയ മുഖത്തെ ബൂത്ത് തലത്തിൽ വോട്ടാക്കി മാറ്റിയിരുന്ന രണ്ടാം നിര നേതാക്കൾ ഇന്ന് പാർട്ടിയിലില്ല!
മുകുൾ റോയ്, പാർത്ഥ ചാറ്റർജി, പിന്നെ ബംഗാളിന്റെ ഇന്നത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരി! അടിത്തട്ടിൽ പാർട്ടി കെട്ടിപ്പടുത്ത ഈ നേതാക്കൾ ഒന്നുകിൽ പാർട്ടി വിട്ടു, അല്ലെങ്കിൽ അഴിമതിക്കേസിൽ പെട്ടു. കോൺഗ്രസ് വിട്ട് വന്ന പഴയ നേതാക്കൾ കെട്ടിപ്പടുത്ത ഗ്രാമീണ ശൃംഖലകൾ ഇന്ന് കൂട്ടത്തോടെ ബിജെപിയുടെ കൂടെയാണ്!
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി പാർട്ടിയിലേക്ക് വന്നിട്ട് എന്താണ് ചെയ്തത്? രാഷ്ട്രീയം കോർപ്പറേറ്റ് ശൈലിയിലാക്കി! ലാപ്ടോപ്പും ഡാറ്റാ അധിഷ്ഠിത കൺസൾട്ടൻസി സംവിധാനങ്ങളും കൊണ്ടുവന്ന് അടിത്തട്ടിലെ പരമ്പരാഗത നേതാക്കളെ വെട്ടിനിരത്തി! പഴയ പരിചയസമ്പന്നരായ നേതാക്കളെ മാറ്റി പുതിയ ‘ഹൈടെക്’ മുഖങ്ങളെ കൊണ്ടുവന്നപ്പോൾ അവർക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെയായി!
അതിനൊപ്പം കട്ടപ്പൊക അഴിമതി ആരോപണങ്ങളും, പ്രാദേശിക നേതാക്കളുടെ ഗുണ്ടാവിളയാട്ടവും കൂടിയായപ്പോൾ ജനങ്ങൾക്ക് മടുത്തു! മമത സർക്കാർ നൽകിയ ക്ഷേമപദ്ധതികൾ ജനങ്ങൾ വാങ്ങി, പക്ഷെ വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ജനങ്ങളെ ചേർത്തുപിടിക്കാൻ കെൽപ്പുള്ള ഒരു നേതാവ് പോലും ഇന്ന് തൃണമൂലിൽ അവശേഷിക്കുന്നില്ല!
ഫൽത്തയിലെ ഫലം വന്നതിന് പിന്നാലെ തൃണമൂലിനെ കടന്നാക്രമിച്ച് ബിജെപിയുടെ ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. കട്ട പഞ്ച് ഡയലോഗാണ് മാളവ്യ ഇറക്കിയത്!
അതേസമയം, തോൽവി സമ്മതിക്കാൻ തൃണമൂൽ നേതാക്കൾ ഇപ്പോഴും തയ്യാറല്ല. തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറയുന്നത് എന്താണെന്നോ? “ഒരു ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളിൽ മാറ്റമുണ്ടായെന്ന് പറയാൻ പറ്റില്ല, ഇപ്പോഴും ബിജെപിയുടെ പ്രധാന എതിരാളി ഞങ്ങൾ തന്നെയാണ്!” എന്ന്.
ആരും കേൾക്കേണ്ട ന്യായീകരണം! 48 ശതമാനത്തിൽ നിന്ന് വോട്ട് വിഹിതം 40 ശതമാനമായി കുറഞ്ഞ്, സീറ്റുകൾ 215-ൽ നിന്നും വെറും 80 ലേക്ക് ഇടിഞ്ഞ് തകർന്നടിഞ്ഞിട്ടും തൃണമൂൽ നേതാക്കളുടെ അഹങ്കാരത്തിന് ഒരു കുറവുമില്ല! മറുവശത്ത് ബിജെപി 45% വോട്ടും 206 സീറ്റുകളുമായി വൻ ഭൂരിപക്ഷത്തോടെ ഭരണം നടത്തുകയാണ്
ഫൽത്ത ഉപതെരഞ്ഞെടുപ്പ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയൊരു പുനഃക്രമീകരണത്തിന്റെ കൃത്യമായ സൂചനയാണ് നൽകുന്നത്. മമത ബാനർജിക്ക് ഇനി ഒരു തിരിച്ചുവരവ് വേണമെങ്കിൽ കോർപ്പറേറ്റ് കളി അവസാനിപ്പിച്ച്, അഴിമതിക്കാരെ പുറത്താക്കി, അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടി വരും. നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷ വോട്ടുകളെയും ഗ്രാമീണ വോട്ടുകളെയും തിരികെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, വരും ദിവസങ്ങളിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ പൂർണ്ണമായ തകർച്ചയ്ക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *