ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി എക്‌സില്‍ വ്യക്തമാക്കി. ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനിരിക്കെയാണ് ടെലഫോണില്‍ ഇരുവരും ആശയവിനിമയം നടത്തിയത്. വിവിധ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി എലോണ്‍ മസ്‌കിനെ കണ്ടിരുന്നു. സ്പേസ് എക്സ് സിഇഒയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മക്കളായ എക്സ്, സ്ട്രൈഡര്‍, അസൂര്‍ എന്നിവരും ഉണ്ടായിരുന്നു.
ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി
