ദിവസവും 50 മുതല്‍ 100 മുടിയിഴകള്‍ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. പക്ഷെ ആരോഗ്യകാരണങ്ങള്‍ കൊണ്ടും ആവശ്യത്തിന് പോഷകങ്ങളുടെ അഭാവം മൂലവും മുടികൊഴിച്ചില്‍ വല്ലാതെ കൂടിയേക്കാം. ആരോഗ്യശീലങ്ങളിലൂടെ ചിലപ്പോള്‍ ഈ മുടികൊഴിച്ചില്‍ ഒരു പരിധി വരെ തടയാന്‍ കഴിയും.
ആവശ്യത്തിന് പ്രോട്ടീന്‍
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ ഭാരത്തിന് അനുസൃതമായാണ് നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്‍ ഉണ്ടായിരിക്കേണ്ടത്. ഒരു കിലോ ഭാരത്തിന് ഒരു ഗ്രാം പ്രോട്ടീന്‍ വേണമെന്നാണ് കണക്ക്. മത്സ്യം, മുട്ട, നട്‌സ്, ബീന്‍സ്, ലെന്റില്‍സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പ്രോട്ടീന്‍ ഉറപ്പാക്കാം.
വിറ്റമിന്‍ ബി
വിറ്റമിന്‍ ബി12, ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിറ്റാമിനുകളാണ്. ഇവ മുടി വളര്‍ച്ചയെ സഹായിക്കുകയും, മുടി കൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.
ഹീറ്റ് ട്രീറ്റിങ്
മുടി സ്‌റ്റൈലിങ്ങിന്റെ ഭാഗമായി വല്ലപ്പോഴും ചൂടാക്കുന്നതില്‍ തെറ്റില്ല. മുടി ചുരുട്ടലായാലും സ്‌ട്രെയ്റ്റനിങ് ആയാലും എന്നും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
മുടി വലിച്ചുമുറുക്കി കെട്ടരുത്
കിടക്കാന്‍ നേരം മുടി വലിച്ചുമുറുക്കി നെറുകയില്‍ കെട്ടിവയ്ക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുടി വലിച്ചുമുറുക്കി കെട്ടുന്ന ഹെയര്‍സ്റ്റൈലുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. വലിച്ചുമുറുക്കി കെട്ടുന്നത് തലയോട്ടിക്ക് സമ്മര്‍ദമുണ്ടാക്കുകയും മുടി കൊഴിയുന്നതിലേക്ക് നയിക്കുകയും ചെയ്യും.