ശ്വാസംകിട്ടാതെ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ്; ‘3 മരണം അപകടത്തിന് മുൻപ്, ഒരാൾ ആശുപത്രിയിലെത്തും മുൻപ്’

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുൻപാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മരിച്ച മൂന്ന് പേരിൽ ഒരാൾ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാൾ ക്യാൻസർ രോഗിയും മൂന്നാമത്തെയാൾക്ക് കരൾ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. നാലാമത്തെയാളുടെ മരണം ആശുപത്രിയിൽ എത്തും മുൻപ് തന്നെ സംഭവിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേർ. മരിച്ച ഗോപാലന്റെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഗോപാലന്റെ കാര്യത്തിൽ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടില്ല. മരിച്ച അഞ്ചാമന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു.

ശ്വാസം കിട്ടാതെ മൂന്ന് രോഗികൾ മരിച്ചെന്നാണ് ടി സിദ്ദിഖ് എംഎൽഎ പറയുന്നത്. വയനാട് കോട്ടപ്പടി സ്വദേശി നസീറയുൾപ്പെടെ മൂന്ന് പേർ മരിച്ചെന്ന് എംഎൽഎ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അതിനിടെ, അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ. അതേസമയം, കോഴിക്കോട് ബീച്ച് ഹോസ്പ്‌പിറ്റലിൽ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *